
ചെർപ്പുളശ്ശേരി: അയ്യപ്പൻ കാവിൽ എട്ടാം വിളക്കുത്സവം ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അഴകത്ത് ശർമ്മൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ വിശേഷാൽ പൂജകൾ നടന്നു. മേൽശാന്തി തെക്കും പറമ്പത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി സഹകാർമ്മികനായി. രാവിലെ ഏട്ടിന് ഗജവീരൻമാരുടെ അകമ്പടിയോടെ നടന്ന പ്രഭാത ശീവേലിക്ക് കേളത്ത് അരവിന്ദാക്ഷമാരാർ, ചെറുശ്ശേരി കുട്ടൻമാരാർ എന്നിവരുടെ പ്രമാണിത്തത്തിൽ പഞ്ചാരിമേളം നടന്നു. തുടർന്ന് കഞ്ഞി സദ്യ, ഉച്ചയ്ക്ക് ചോറ്റാനിക്കര വിജയൻ മാരാർ, ചെർപ്പുളശ്ശേരി ശിവൻ, പല്ലാവൂർ രാഘവ പിഷാരടി, മച്ചാട് മണികണ്ഠൻ, തിച്ചൂർ മോഹനൻ എന്നിവർ നയിച്ച പഞ്ചവാദ്യം, വൈകീട്ട് പല്ലാവൂർ കൃഷ്ണൻകുട്ടിയുടെ കുറുംകുഴൽ കച്ചേരി, രാത്രി പനമണ്ണശശി, കല്ലൂർ ഉണ്ണികൃഷ്ണൻ, ചെർപ്പുളശ്ശേരി രാജേഷ്, ചെർപ്പുളശ്ശേരി ജയൻ, വിജയൻ എന്നിവരുടെ പഞ്ചതായമ്പക എന്നിവ അരങ്ങേറി. ഇന്ന് രാവിലെ പള്ളിവേട്ട നടക്കും. നാളെ രാവിലെ ഒമ്പതിന് തിറ, പൂതൻകളി, രാത്രി 7.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പോടെ ഈ വർഷത്തെ ഉത്സവം സമാപിക്കും.