
പാലക്കാട്: മിൽക്ക് കൂളറുകൾ പ്രവർത്തിപ്പിക്കാനുൾപ്പെടെ ക്ഷീര സഹകരണ സംഘങ്ങളുടെ ദൈനംദിന വൈദ്യുതി ഉപഭോഗത്തിനുള്ള ചെലവ് കുറയ്ക്കൽ ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് സ്ഥാപിക്കുന്ന സൗര വൈദ്യുതി നിലയങ്ങൾ ജില്ലയിലെ 11 ക്ഷീര സംഘങ്ങളിൽ പൂർത്തിയായി. കൂളറുകൾ സ്ഥാപിച്ച ക്ഷീര സംഘങ്ങൾ പ്രതിദിനം 3000 ലിറ്റർ മുതൽ 15000 ലിറ്റർ വരെ പാൽ ശീതീകരിക്കുന്നുണ്ട്. പ്രതിമാസം 16000 രൂപ മുതൽ 1 ലക്ഷം വരെ വൈദ്യുതി ചാർജ്ജ് ഇനത്തിൽ ഈ സംഘങ്ങൾക്ക് ചെലവുണ്ട്. ഇത് മുന്നിൽ കണ്ടാണ് ക്ഷീര വികസന വകുപ്പ് സബ്സിഡിയോടെ സോളാർ പവർ പ്ലാന്റുകൾ നിർമ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സർക്കാർ അംഗീകരിച്ച ഏജൻസികൾ മുഖേനയാണ് ക്ഷീര സഹകരണ സംഘങ്ങൾ സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ആകെ ചെലവിന്റെ 75% അല്ലെങ്കിൽ പരമാവധി എട്ട് ലക്ഷം ഏതാണോ കുറവ് എന്ന രീതിയിലാണ് ധനസഹായം അനുവദിക്കുന്നത്. ഈ പദ്ധതിയ്ക്കായി സംസ്ഥാന സർക്കാർ ക്ഷീര വികസന വകുപ്പ് മുഖേന ജില്ലയിൽ മാത്രം മുക്കാൽ കോടിയിലധികം സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്.
ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും കെ.എസ്.ഇ.ബി ഓൺഗ്രിഡിൽ സംഘങ്ങൾ നൽകുന്നു. ക്ഷീര സഹകരണസംഘങ്ങളുടെ ഉപയോഗത്തിന് ശേഷം അധികമായി ഉത്പാദിപ്പിച്ച വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകിയാൽ അതിനുള്ള തുകയും സംഘങ്ങൾക്ക് ലഭിക്കും. ഗ്രിഡ് ബന്ധിത സൗരോർജ്ജ പ്ലാന്റ് സ്ഥാപിക്കുക വഴി ക്ഷീര സഹകരണ സംഘങ്ങൾക്ക് വൈദ്യുത ചാർജ്ജ് ഇനത്തിൽ വരുന്ന ചെലവ് പൂർണമായും ഇല്ലാതാക്കുവാൻ കഴിയും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇങ്ങനെ മിച്ചം ലഭിക്കുന്ന തുക സംഘത്തിന്റെ മറ്റു പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്നതോടൊപ്പം ക്ഷീര കർഷകർക്ക് ഇൻസെന്റീവ് അടക്കമുള്ള ധനസഹായങ്ങളും നൽകാൻ കഴിയും.
സൗര വൈദ്യുതി നിലയങ്ങൾ 11 ക്ഷീര സംഘങ്ങളിൽ പൂർണം
മേനോൻപാറ, മാടമ്പാറ, മേനോൻ തരിശ്, അകത്തേത്തറ, അഞ്ചുമൂർത്തി, വാൽകുളമ്പ് (10 കിലോവാട്ട് ), ചുള്ളിമട, പരിശക്കൽ, മാങ്കാപ്പള്ളം, വാളയാർ ( 20 കിലോ വാട്ട് ), മുതലമട (50 കിലോവാട്ട്) എന്നിങ്ങനെ ക്ഷീര സംഘങ്ങളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കിയത്.
സംസ്ഥാനത്ത് തന്നെ കുറഞ്ഞ കാലയളവിൽ ഏറ്റവും കൂടുതൽ സൗരോർജ്ജ നിലയം സ്ഥാപിച്ചത് പാലക്കാട് ജില്ലയിലാണ്. നിലവിലുള്ള പദ്ധതികൾ പൂർണ വിജയം കണ്ടതിനെ തുടർന്ന് കൂടുതൽ ക്ഷീര സംഘങ്ങൾ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് മുന്നോട്ട് വന്നിട്ടുണ്ട്
ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീര വികസന വകുപ്പ്