mangalam-dam

വടക്കഞ്ചേരി: മംഗലംഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും കളിമണ്ണും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ വീണ്ടും അനിശ്ചിതത്വത്തിലേക്ക് നീളുന്നു. കഴിഞ്ഞവർഷം നിർത്തിവച്ച പണികൾ ഫെബ്രുവരി പതിനഞ്ച് മുതൽ പുനരാരംഭിക്കുമെന്ന് കരാർ കമ്പനിയായ ധർത്തി കമ്പനി പലതവണ ആവർത്തിച്ചെങ്കിലും ഇതുവരെ പണികൾ പുനരാരംഭിച്ചിട്ടില്ല. എം.എൽ.എ വിളിച്ചുകൂട്ടിയ യോഗങ്ങളിൽ കമ്പനി അധികൃതർ പല ഉറപ്പും നൽകിയിട്ടുണ്ടായിരുന്നെങ്കിലും കമ്പനി സർക്കാരിലേക്ക് അടക്കേണ്ട തുക ഇതുവരെ അടച്ചിട്ടില്ല.

ഏതാണ്ട് പത്തുകോടി രൂപയോളം സർക്കാരിലേക്ക് കുടിശികയായി അടയ്ക്കണം. പണിനിർത്തി വയ്ക്കുമ്പോൾ തന്നെ 5.84 കോടി രൂപ കമ്പനി സർക്കാരിലേക്ക് അടക്കേണ്ടതുണ്ടായിരുന്നു. അന്ന് ഏകദേശം പത്തു കോടിയിലധികം രൂപയ്ക്കുള്ള മണലും കളിമണ്ണും അവിടെ നിന്ന് കമ്പനി നീക്കം ചെയ്തിരുന്നു. നീക്കം ചെയ്ത മണ്ണിനും കളിമണ്ണിനും നിയമാനുസൃതമായുള്ള ജി.എസ്.ടി പോലും കമ്പനി അടച്ചിട്ടില്ല. കൂടാതെ കമ്പനി നിയോഗിച്ചിരുന്ന താഴേത്തട്ടിലുള്ള പല ജീവനക്കാർക്കും അർഹതപ്പെട്ട ശമ്പളം ഇതുവരെ നൽകിയിട്ടില്ല.

ഇതിനിടെ കരാർ അനുസരിച്ച് പത്തുകോടി രൂപയോളം നൽകേണ്ട കമ്പനി 80 ലക്ഷം രൂപയുടെ ഒരു ഡിമാൻഡ് ഡ്രാഫ്റ്റ് നൽകി പണം അടച്ചുവെന്ന് വരുത്തിതീർത്ത് വീണ്ടും പണി പുനരാരംഭിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇറിഗേഷൻ വകുപ്പിന്റെ മേലധികാരികൾ കുടിശ്ശികയെ പറ്റി പരാമർശിക്കുമ്പോൾ പണം അടച്ചുവെന്ന് പറഞ്ഞ് ജില്ലാ കളക്ടറും എക്സിക്യുട്ടീവ് എൻജിനീയറും കമ്പനിയെ രക്ഷിക്കുകയാണ് ചെയ്യുന്നത്.

ആശങ്കയിൽ ജനങ്ങൾ

മംഗലംഡാം ഡീസിൽറ്റേഷൻ പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്നത് മംഗലംഡാം കുടിവെള്ള പദ്ധതിയെയും രണ്ടാംവിള നെൽകൃഷിയെയും ദോഷമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങൾ. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, കാവശ്ശേരി പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് ധർത്തി കമ്പനിയുടെയും ഉദ്യോഗസ്ഥന്മാരുടെയും ഒത്തുകളിമൂലം അനിശ്ചിതത്വത്തിലായിരിക്കുന്നത്.