
പാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ തീപിടിത്തവും കൂടുന്നു. ഈ വർഷം ഇന്നലെ വരെ നഗരപരിധിയിൽ മാത്രം 61 തീപിടിത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ജനങ്ങളുടെ അശ്രദ്ധയാണ് മിക്ക തീപിടിത്തങ്ങൾക്കും കാരണമാകുന്നത്. എന്നാൽ കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം കാരണം ജനങ്ങൾ പുറത്തിറങ്ങുന്നത് കുറഞ്ഞതിനാൽ തീപിടിത്തങ്ങൾ താരതമ്യേന കുറവായിരുന്നെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു. ചൂട് കൂടുന്നതിനനുസരിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തീപിടിത്തങ്ങളും കൂടാൻ സാധ്യതയേറെയാണ്. പാതയോരങ്ങളിലെ മാലിന്യങ്ങൾ കത്തിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ പൊതുജനം ഇത്തരം പ്രവർത്തികളിൽ നിന്ന് പിന്മാറണമെന്നും അധികൃതർ പറഞ്ഞു. 35 ഡിഗ്രിയായിരുന്നു ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ ഉയർന്ന ചൂട്. കുറഞ്ഞത് 25.5 ഡിഗ്രിയും.
വെള്ളം നിറയ്ക്കൽ വെല്ലുവിളി
ചൂടിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ച് ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നത് വലിയ വെല്ലുവിളിയാണ്. നിലവിൽ ഫയർ ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നത് കനാലുകൾ വഴിയാണ്. കനാലിൽ നിന്ന് വെള്ളം കിട്ടാതിരുന്നാൽ വലിയ പ്രതിസന്ധിയാകും നേരിടുക. വേനൽ കടുക്കുന്നതോടെ വെള്ളത്തിന്റെ ലഭ്യത കുറയുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ ജലാശയങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയാണ് അധികൃതർ ആശ്രയിക്കുന്നത്. അതിനാൽ പൊതുജനങ്ങൾ പരമാവധി തീപിടിത്തങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് അഗ്നിശമനസേന അധികൃതർ മുന്നറിയിപ്പ് നൽകി.
ശ്രദ്ധിണേ..
.മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
.വഴിയോരങ്ങളിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
.സ്ഥാപനങ്ങൾക്ക് ചുറ്റും ഫയർലൈൻ ഒരുക്കുകയും തീ അണയ്ക്കാനുള്ള ഉപകരണങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
.പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
.ചപ്പുചവറുകൾ കത്തിക്കുമ്പോൾ തീ പൂർണമായി അണയ്ക്കാതെ പരിസരത്തുനിന്നു മാറരുത്.
.രാത്രിയിൽ തീയിടാതിരിക്കുക.