dog

പട്ടാമ്പി: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരമാകുന്നു. അനിമൽ ബർത്ത് കൺട്രോൾ പദ്ധതിക്ക് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓങ്ങല്ലൂർ പഞ്ചായത്തിൽ സ്ഥിരം സംവിധാനമൊരുക്കും. തെരുവ് നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വന്ധീകരണം നടത്താനുള്ള അത്യാധുനിക സംവിധാനങ്ങളാണ് കൂമ്പൻകല്ല് മൃഗാശുപത്രയിൽ ഒരുക്കുകയെന്ന് ജില്ലാ പഞ്ചായത്ത് അംഗം എ.എൻ.നീരജ് അറിയിച്ചു.
എ.ബി.സി പ്രോഗ്രാം നടപ്പിലാക്കുന്ന സ്ഥിരം കേന്ദ്രമായി കൂമ്പൻ കല്ലിലെ മൃഗാശുപത്രി മാറിയാൽ ഒരു ഡോകടർ, നാല് ഡോഗ് ക്യാച്ചർമാർ, രണ്ട് അറ്റൻഡർമാർ എന്നിവരുടെ സേവനം ലഭ്യമാകും. വന്ധീകരണം നടത്തുന്നതിനുള്ള ഓപ്പറേഷൻ തീയേറ്റർ, നായ്ക്കളെ കൊണ്ടു പോകുന്നതിനുള്ള വാഹനം, നായ്ക്കളെ പാർപ്പിക്കുന്നതിനുള്ള ഷെൽട്ടർ ഹോം എന്നിവയും പദ്ധതിയുടെ ഭാഗമായി മൃഗാശുപത്രിയിൽ ക്രമീകരിക്കും.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഓങ്ങല്ലൂരിലും പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധിയാളുകൾക്കാണ് പേ വിഷ ബാധയുള്ള നായ്ക്കളുടെ കടിയേറ്റത്. ഇതിൽ പലർക്കും മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. നായ്ക്കൾ കുറുകെ ചാടിയുള്ള വാഹന അപകടങ്ങളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഇത്തരമൊരു പദ്ധതി.


അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രോജക്ട് നടപ്പിയിലാക്കാനാണ് ലക്ഷമിടുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്ന് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും ലഭിക്കുക.

എ.എൻ.നീരജ്, ജില്ലാ പഞ്ചായത്തംഗം

സ്ഥലം സന്ദർശിച്ചു

പദ്ധതിയുടെ പ്രാരംഭ ഘട്ടമെന്ന നിലയിൽ സ്ഥല സൗകര്യങ്ങൾ വിലയിരുത്തിനായി ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണൻ,മൃഗ സംരക്ഷണ വകുപ്പ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ വി.എം സുകുമാരൻ,ജില്ലാ പഞ്ചായത്ത് അംഗം എ. എൻ.നീരജ്, വൈസ് പ്രസിഡന്റ് ടി.പി.രജീഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് എന്നിവർ സ്ഥലം സന്ദർശിച്ചു.