vege

പാലക്കാട്: ഉത്പാദനം കൂടിയയോടെ വിലയിടിഞ്ഞ്​ പച്ചക്കറി. കിലോയ്ക്ക്​ 120 രൂപവരെ എത്തിയ തക്കാളിക്ക്​ ഇപ്പോൾ 10​ രൂപയാണ്​ വില. ഒരാഴ്ച മുമ്പ് 15 രൂപയായിരുന്നു വില. കഴിഞ്ഞ മാസങ്ങളിൽ കിലോ 20 രൂപയ്ക്ക്​ ഒരു പച്ചക്കറിയും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വെണ്ട, പടവലം, ചുരക്ക, വെള്ളരിക്ക, പയർ എന്നിവയ്ക്ക്​ 20 രൂപയാണുള്ളത്​.

ബീറ്റ്‌റൂട്ട്, കുക്കുംബർ, ഇളവൻ, കപ്പ​ തുടങ്ങിയവയുടെ വില 25 രൂപയിലേക്ക്​ ചുരുങ്ങി. വലിയ വിലയുണ്ടായിരുന്ന ബീൻസിന്​ ഇപ്പോൾ 28 രൂപയായി. കിലോയ്ക്ക്​ 30 രൂപയുമായി കാബേജ്, ഉരുളക്കിഴങ്ങ്, ചേന, നാടൻ കുമ്പളം, കോളിഫ്ലവർ എന്നിവയുമുണ്ട്​. 35 രൂപയാണ്​ മത്തങ്ങ വില. ഉള്ളിക്കും സവാളക്കും കൊത്തമരക്കും 40 രൂപയാണ് വില​. രണ്ടാഴ്ച മുമ്പ്​ കിലോയ്ക്ക്​ 220 മുതൽ 250 വരെ വിലയുണ്ടായിരുന്ന മുരിങ്ങ വരെ 150ലേക്ക്​ താഴ്ന്നു. നേന്ത്രപ്പഴം, പൂവൻപഴം, ഞാലിപ്പൂവൻ (50), റോബസ്‌റ്റ (32), കണ്ണൻപഴം, ചെറുപഴം (30) എന്നിങ്ങനെയാണ്​ പഴവില.

ഉയർന്ന ഉത്പാദനമാണ്​ വില കുറയാൻ കാരണം. അതുകൊണ്ടു തന്നെ വലിയതോതിലാണ്​ ജില്ലയിലെ മാർക്കറ്റുകളിലേക്ക്​ പച്ചക്കറി എത്തുന്നത്​. കഴിഞ്ഞ വർഷത്തെപ്പോലെ കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ ഇക്കുറിയുണ്ടായില്ല. അതുകൊണ്ടുതന്നെ കൃഷി ചെയ്തത്​ ഭൂരിഭാഗവും വിള കിട്ടി. അനുകൂല സാഹചര്യം ഉണ്ടായതോടെ വിലയിടിയുകയും ചെയ്​തു. വില കുറഞ്ഞതോടെ വിളവെടുപ്പുതന്നെ ഏറെ ചെലവേറിയതായി. പാകമായ പയർ പറിക്കുന്നതിന്​ ചാക്ക്​ ഒന്നിന്​ ​70 രൂപയാണ്​ കൂലി. ഒപ്പം തൊഴിലാളികൾക്ക്​ ഭക്ഷണവും നൽകണം. വിളവെടുപ്പ്​ നടത്തിയ പയർ കൊണ്ടുപോകുന്നതിന്​ ഗതാഗത കൂലിയും കൊടുക്കേണ്ടതുണ്ട്​. അതുകൊണ്ടുതന്നെ വിളവെടുപ്പ്​ നടത്തി നഷ്ടം വരുത്തിവെക്കാൻ കർഷകർ മടിക്കുകയാണ്​.

വിലവിവരം

 വഴുതനങ്ങ (45),

 പാവയ്ക്ക (46),

 കോവക്ക,

 പച്ചക്കായ (50),

 കൈതച്ചക്ക (55),

 കാരറ്റ് (56),

 ഇഞ്ചി,

 നെല്ലിക്ക,

 പച്ചമാങ്ങ (60),

 കറിനാരങ്ങ (70),

 ചെറുനാരങ്ങ (80),

 ക്യാപ്സിക്കം (90),

 പച്ചമുളക് (100),

 വെളുത്തുള്ളി (120)