
സിപി.ഐയും സി.പി.എമ്മും തമ്മിലുള്ള വ്യത്യാസം അവസാനത്തെ 'ഐ"യും 'എമ്മും" തമ്മിലാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാം. താത്വികമായും പ്രായോഗികമായും രണ്ടിന്റെയും സിദ്ധാന്തങ്ങൾ ഒന്നുതന്നെ. രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ യോജിച്ച് ഒന്നാകണമെന്ന് ആവശ്യപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരുണ്ട്. ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടിടുന്നത് ഉത്തമമെന്ന് വാദിക്കുന്നവർ യോജിപ്പിന്റെ അന്തരീക്ഷമൊരുക്കുന്നില്ല.
കേരളത്തിലും ദേശീയതലത്തിലും ഇടതുപക്ഷത്തിന്റെ കരുത്ത് രണ്ടായി നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. സംസ്ഥാനത്ത് രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ചേർന്ന് മുന്നണിയും ഭരണവും തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ആശയപരമായി ചില കാര്യങ്ങളിൽ വിയോജിപ്പുകളുണ്ടെങ്കിലും യോജിപ്പിന്റെ അന്തരീക്ഷം പൊതുവേ പ്രകടമാണ്. അതുകൊണ്ട് തമ്മിൽ തല്ലേണ്ട കാര്യവുമില്ല. സി.പി.എമ്മിൽ പ്രവർത്തകർ തമ്മിൽ കശപിശയുണ്ടായി പാർട്ടി വിടുന്നവർ സി.പി.ഐയിലേക്ക് ചേക്കേറുക പതിവാണ്. കമ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് നിന്ന് പ്രവർത്തിക്കാൻ സി.പി.എം ഇല്ലെങ്കിൽ സി.പി.ഐ എന്നതാണ് അവരുടെ നയം. സി.പി.ഐയിൽ പ്രശ്നങ്ങളുണ്ടായി പുറത്തുപാേകേണ്ടി വരുന്നവർക്ക് ആശ്രയം സി.പി.എം തന്നെ.
പാർട്ടി വിട്ടു പോകുന്നവരോട് സി.പി.എമ്മിന് ഒറ്റ ഉപദേശമേയുള്ളൂ. അപ്പുറത്ത് പോയിരുന്നിട്ട് തങ്ങളുടെ ദേഹത്ത് ചൊറിയാൻ വരരുത്. വന്നാൽ അങ്ങാടിക്കലിലെ അനുഭവമായിരിക്കും എന്നവർ ഒാർമിപ്പിക്കുന്നു. എന്താണ് അങ്ങാടിക്കൽ അനുഭവം? അവിടെ സി.പി.എമ്മിൽ നിന്ന് രാജിവച്ച ഒരുകൂട്ടം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. സിയോൺകുന്ന് ബ്രാഞ്ച് കമ്മറ്റി ഒന്നാകെ സി.പി.ഐയിലെത്തിയെന്നാണ് പറയുന്നത്. മറ്റ് ചില ബ്രാഞ്ച് കമ്മറ്റികളിൽ നിന്നും ഉണ്ടായി കൊഴിഞ്ഞുപോക്ക്. എല്ലാവർക്കും സി.പി.ഐ അഭയം നൽകി. സി.പി.എം കോട്ടയായ അങ്ങാടിക്കലിൽ സി.പി.എെയുടെ വേരുകൾ പടർന്നു പന്തലിച്ചു. അതിന്റെ പ്രതിഫലനം കണ്ടത് അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലായിരുന്നു. ഏറെക്കാലാമായി സി.പി.എം ഒറ്റയ്ക്ക് കൈയടക്കിവച്ചിരുന്ന ബാങ്ക് തിരഞ്ഞെടുപ്പിൽ മുന്നണി ഘടകകക്ഷി എന്ന നിലയിൽ സി.പി.ഐ സീറ്റ് ചോദിച്ചു. നടക്കില്ലെന്ന് തീർത്ത് പറഞ്ഞ സി.പി.എമ്മിനെ പാഠം പഠിപ്പിക്കാനിറങ്ങിയത് അടുത്തിടെ പാർട്ടി വിട്ട് സി.പി.ഐയിലെത്തിയവരാണ്. സി.പി.എമ്മിൽ നിന്ന് പതിനെട്ടടവും പയറ്റിത്തെളിഞ്ഞവർ സി.പി.ഐയിൽ എത്തിയപ്പോൾ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമല്ല. സി.പി.എം സീറ്റ് കൊടുക്കാതിരുന്നതിനാൽ ജനാധിപത്യ സംരക്ഷണ സമിതിയെന്ന പേരിൽ സി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ദിവസം രണ്ട് പാനലുകളിലായി മത്സരം പൊടിപാറി. ചെറിയ തർക്കങ്ങൾ വലിയ പൊട്ടിത്തെറിയിലെത്തി. തിരഞ്ഞെടുപ്പ് വേദിക്ക് പുറത്ത് സി.പി.എം, സി.പി.ഐ പ്രവർത്തകർ തമ്മിൽ പൊരിഞ്ഞ തല്ല്. സുരക്ഷയൊരുക്കാനെത്തിയ പൊലീസിന് നേരെ കല്ലേറും സോഡാക്കുപ്പിയേറുമുണ്ടായി. കയ്യിൽ കിട്ടിയവരെയെല്ലാം പൊലീസ് പൊതിരെ തല്ലി. ലാത്തിയടിയിൽ പരിക്കേറ്റവരിൽ സി.പി.എം, സി.പി.ഐ പ്രവർത്തകരുണ്ടായിരുന്നു. വൈകിട്ട് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ എല്ലാ സീറ്റുകളും തൂത്തുവാരി സി.പി.എം വിജയാഹ്ളാദ പ്രകടനം നടത്തി. ശരിക്കും വിജയാഘോഷം അരങ്ങേറിയത് പാതിരാത്രിയിലായിരുന്നു. പാർട്ടി മാറി സി.പി.ഐയിലെത്തിയവരുടെ വീടുകൾ ഒാരോന്നായി തിരഞ്ഞുപിടിച്ചായിരുന്നു സി.പി.എം ആക്രമണം. ജനൽച്ചില്ലുകളും കേസരകളും തകർത്തു. ഒരു വീട്ടിൽ കയറി അതിക്രമം നടത്തുന്നത് മൊബൈലിൽ ചിത്രീകരിച്ച പെൺകുട്ടിക്ക് നേരെയുണ്ടായത് അസഭ്യപ്രയോഗവും അശ്ളീലപ്രദർശനവുമാണ്. കേസുകളിൽ പട്ടികജാതി പീഡനവും സ്ത്രീപീഡനങ്ങളുമുണ്ടായി.
സി.പി.എം - സി.പി.ഐഏറ്റുമുട്ടൽ കൊടുമണ്ണും കടന്ന് ജില്ലയിലെ ക്രമസമാധാന പ്രശ്നമായി മാറി. ഇതിനിടെ, സി.പി.ഐ പ്രവർത്തകരെ നടുറോഡിൽ വളഞ്ഞിട്ട് തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സംഘർഷങ്ങൾക്ക് എരിവ് പകർന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വിഷയം സി.പി.എം - സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരുടെ മുന്നിലെത്തി. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ഘട്ടത്തിലാണ് ഇരു പാർട്ടികളുടെയും ജില്ലാ സെക്രട്ടറിമാർ തമ്മിൽ അനുരഞ്ജന ചർച്ചയ്ക്ക് കളമൊരുങ്ങിയത്.
ചെറിയ പ്രശ്നങ്ങളുണ്ടായെന്നും പാർട്ടി തലത്തിൽ ആഭ്യന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെ പ്രസ്താവനയോടെ മഞ്ഞുരുകി. നടപടിയെടുക്കുമെന്ന വാക്കിൽ തങ്ങൾ വിശ്വാസമർപ്പിക്കുന്നുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയനും പ്രതികരിച്ചു. വീടാക്രമണങ്ങൾ അടക്കമുള്ള സംഭവങ്ങളിൽ കേസും നിയമനടപടികളുമായി മുന്നോട്ടു പോകാൻ ഇരുപാർട്ടികളും തീരുമാനിച്ചു.
പുറത്ത് കണ്ടത് താത്ക്കാലിക ശാന്തതയാണ്. കൊടുമണ്ണിൽ ഏതുനേരവും ഇനി സംഘർഷങ്ങൾ ഉണ്ടാകാം. അടിച്ചാൽ തിരിച്ചടിക്കുന്ന കൂട്ടാരാണ് സി.പി.എം വിട്ട് സി.പി.ഐയിലെത്തിയത്. അവർ പാർട്ടി വിട്ടുപോയതിന്റെ പേരിൽ സി.പി.എമ്മുകാർക്കുണ്ടായ പക കെട്ടടങ്ങിയിട്ടില്ല. ചെറിയ തീപ്പൊരി മതി വീണ്ടും ആളിക്കത്താൻ. സംഘർഷം ഉണ്ടാകാതെ നോക്കാൻ ഉത്തരവാദിത്വപ്പെട്ടവർ അതത് പാർട്ടി നേതൃത്വങ്ങളാണ്. സമയോചിതമായി ഇടപെട്ടില്ലെങ്കിൽ നാട്ടിൽ സ്വൈരജീവിതം തകരാൻ നിമിഷങ്ങൾ മതി. ഭരണകക്ഷികളുടെ കൂട്ടത്തല്ല് പ്രതിപക്ഷ കക്ഷികൾക്ക് നിറവാർന്ന കാഴ്ചകളാണ്.