
എന്റെ പേരക്കുട്ടി അബദ്ധത്തിൽ പാരസെറ്റമോൾ മരുന്ന് അധികഡോസിൽ വിഴുങ്ങിയതിനെ തുടർന്ന് ആശുപത്രികളിൽ അഭയം തേടിയപ്പോൾ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ചാണ് എഴുതുന്നത്. കുഞ്ഞിന്റെ ഇതുവരെയുളള എല്ലാ ചികിത്സകളും നടത്തിക്കൊണ്ടിരുന്ന അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ പരിശോധിച്ചപ്പോൾ കുഞ്ഞിന് കൊവിഡും സ്ഥിരീകരിച്ചു. പക്ഷേ അധികൃതർ അഡ്മിറ്റ് ചെയ്തില്ല. അവിടെ ജനിച്ച കുഞ്ഞാണ്. അമ്മയ്ക്കും കുഞ്ഞിനും ഇതുവരെയുളള ചികിത്സയും അവിടെയായിരുന്നു. കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാൻ മാതാപിതാക്കൾ കാലുപിടിച്ച് അപേക്ഷിച്ചു. തിരുവല്ലയിലെ ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദ്ദേശിച്ചു. കഴിയാവുന്ന വേഗത്തിൽ അവിടയെത്തിയെങ്കിലും അഡ്മിറ്റ് ചെയ്തില്ല. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് അവിടെ നിന്ന് പറഞ്ഞത്. കുഞ്ഞ് വാടിത്തളർന്നിരുന്നു.
കുഞ്ഞിന്റെ അമ്മ ക്വാളിഫൈഡ് നഴ്സാണ്. ഞാനൊരു മാദ്ധ്യമ പ്രവർത്തകനാണ്. ആരോഗ്യവകുപ്പു മന്ത്രിയുടെ അയൽവാസിയായ ഞാൻ ആ കുടുംബവുമായി അടുത്ത ബന്ധമുളളയാളാണ്. കുഞ്ഞിനെയും കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുംവഴി മന്ത്രിയുമായി ഫോണിൽ ബന്ധപ്പെടാൻ പലയാവർത്തി ശ്രമിച്ചു. പല മാർഗങ്ങളിലൂടെ ശ്രമിച്ചു. നടന്നില്ല. സംസ്ഥാനം ഭരിക്കുന്ന മന്ത്രിക്ക് ഒരാളിന്റെ മാത്രം കാര്യത്തിൽ വ്യക്തിപരമായി എന്തുചെയ്യാൻ കഴിയും എന്നറിയാഞ്ഞിട്ടല്ല. എങ്കിലും ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.
സകല ദൈവങ്ങളെയും വിളിച്ചു. പരിചയവലയത്തിലുളള പല പ്രമുഖരെയും വിളിച്ചു സഹായമഭ്യർത്ഥിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലെത്തി. അവിടെ വാർഡ് നിറയെ കുട്ടികൾ. എല്ലാം കൊവിഡ് ബാധിച്ചവർ. എട്ടുമണിക്കൂർ ഇടവിട്ട് രക്തം പരിശോധിക്കണമെന്നും കുഞ്ഞിന്റെ കരളിനെ ബാധിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും ആദ്യത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. പല പ്രമുഖരുടെയും ഇടപെടൽ കൊണ്ടാകാം,അല്ലെങ്കിൽ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഡോക്ടറുടെ സന്മനസുകൊണ്ടാകാം കുഞ്ഞ് ഒരുവിധം സുഖപ്പെട്ടുവരുന്നുണ്ട്.
കൊവിഡ് ഒരു മഹാമാരിയാണ്. സർക്കാരിന്റെ ഇടപെടൽ മോശമാണെന്നു പറയുന്നില്ല. ഞാനുൾപ്പടെ പ്രായമായവർ എവിടെയും കിടക്കട്ടെ. കിട്ടുന്ന ചികിത്സ വാങ്ങട്ടെ. നമ്മുടെ കുഞ്ഞുങ്ങൾക്ക് മതിയായ ചികിത്സാ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഉണ്ടാക്കിക്കൂടെ ?
സി.വി ചന്ദ്രൻ
കൊടുമൺ
വയോജനങ്ങളെ അവഗണിച്ച ബഡ്ജറ്റ്
ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ രാജ്യത്തെ 17ശതമാനത്തോളം വരുന്ന വയോജനങ്ങളെ പൂർണമായി അവഗണിച്ചു. വയോജനക്ഷേമത്തിനായി ഒരു പദ്ധതിയും ഉൾപ്പെടുത്തിയിട്ടില്ല. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയോ സാമ്പത്തിക പരിഗണനയെ സംബന്ധിച്ചോ സുരക്ഷിതത്വത്തിനു വേണ്ടിയോ ഉള്ള യാതൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. . വയോജന പെൻഷൻ 200 രൂപയിൽ നിന്നും പ്രതിമാസം 5000 രൂപയായി വർദ്ധിപ്പിച്ച് നൽകണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ (SCF WA) നിരന്തരം പ്രധാനമന്ത്രിയോടും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയോടും അവശ്യപ്പെട്ടിട്ടും ഒരു പരിഗണനയും നൽകാത്ത ബഡ്ജറ്റാണിത്.
നിലവിൽ ലഭിച്ചിരുന്ന ട്രെയിൻയാത്രാ നിരക്കിലെ ഇളവു പോലും പുനസ്ഥാപിക്കാൻ തയ്യാറായിട്ടില്ല. വയോജന സംരക്ഷണത്തിനു വേണ്ടി ഒരു പദ്ധതി പോലും പ്രഖ്യാപിക്കാത്തതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
അമരവിള രാമകൃഷ്ണൻ
ജനറൽ സെക്രട്ടറി
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ്
വെൽഫയർ അസോസിയേഷൻ
രാഷ്ട്രീയാർബുദം ബാധിച്ചവരെ നീക്കുക
സർക്കാർ ജീവനക്കാർ, ജനപ്രതിനിധികൾ, മന്ത്രിമാർ, ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരെ നിയോഗിച്ചത് ജനങ്ങളാണ്. രാഷ്ട്രീയ,ജാതി, മത,സ്ഥാനമാനങ്ങൾ പരിഗണിക്കാതെ നിയമവ്യവസ്ഥ പാലിച്ച് എല്ലാവരേയും തുല്യപരിഗണനയോടെ സേവിക്കാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്. പരസ്യമായി രാഷ്ട്രീയപാർട്ടികളുടെ സ്വാധീനത്തിന് വഴങ്ങി കടമകളിൽ വെള്ളം ചേർക്കുന്നതും അഴിമതി നടത്തുന്നതും കുറ്റകരവും ഭരണഘടനാ വിരുദ്ധവുമാണ്. ജനം ആവശ്യപ്പെടുന്ന സേവനങ്ങൾ കൃത്യസമയത്ത് നല്കേണ്ടതും ഇവരുടെ കർത്തവ്യമാണ്.
ജോലിയിൽ വീഴ്ചവരുത്തുകയും കൈക്കൂലി ആവശ്യപ്പെടുകയും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്ക് നേരെ കണ്ണടച്ച് അവരെ ദ്രോഹിക്കുകയും ചെയ്യുന്നവരെ പടിക്ക് പുറത്താക്കുന്നതാണ് ജനസേവനം. ഇവരെ തുടരാൻ അനുവദിക്കുന്നത് ജനദ്രോഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് ഭരിക്കുന്നവർ മനസിലാക്കണം.
വിവേകത്തോടെ സമഭാവനയോടെ രാജ്യസേവനം ചെയ്യുക എന്നതാണ് സർക്കാർ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കർത്തവ്യം. ഉത്തരവാദിത്തത്തിൽ രാഷ്ട്രീയ, ജാതി,മത,സ്ഥാനമാന വിഷമാലിന്യം കലർത്താതിരിക്കുക. ഭാരതവും ഭാരതീയരും ഒരുമിച്ചുണരട്ടെ ഒരുമിച്ച് മുന്നോട്ട് പോകട്ടെ.
വിജയകുമാർ,
മുതിർന്ന പൗരൻ,
തിരുവനന്തപുരം