 
പള്ളിക്കൽ : തരിശ് ഭൂമിയിൽ കൃഷിയിറക്കാൻ കാർഷിക കർമ്മസേന. പള്ളിക്കൽ കൃഷിഭവന്റെ നേതൃത്വത്തിലുള്ള പള്ളിക്കൽ കാർഷിക കർമ്മസേനയാണ് തരിശുഭൂമികൾ ഏറ്റെടുത്ത് കൃഷികൾ ആരംഭിക്കുന്ന പദ്ധതിയുമായി രംഗത്തു വരുന്നത്. പള്ളിക്കൽ കൃഷിഭവന്റെ സഹായത്തോടുകൂടി കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷിയിറക്കുന്നത്.തുടക്കമെന്ന നിലയിൽ പള്ളിക്കൽ ഒന്നാം വാർഡിൽ തരിശായി കിടന്ന ഒരേക്കർ നിലം പാട്ടത്തിനെടുത്ത് ഏത്തവാഴ കൃഷി ചെയ്യുകയാണ്. ഏകദേശം ആയിരം വാഴക്കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്. തരിശ് വാഷ കൃഷിക്കുള്ള ആനുകൂല്യങ്ങളും സാങ്കേതികജ്ഞാനവും കൃഷിഭവൻ നൽകും. തോട്ടുവ അഗ്രോ സെന്റർ കേന്ദ്രമായാണ് കാർഷിക കർമ്മ സനേയുടെ പ്രവർത്തനം. കൊയ്ത്തിന് തൊഴിലാളി ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ കൊയ്ത്തും കാർഷിക കർമ്മ സേന നടത്തിവരുന്നു. പള്ളിക്കൽ പഞ്ചായത്ത് പദ്ധതിയായ ഗ്രോ ബാഗ് പച്ചക്കറി കൃഷി പദ്ധതിക്കു വേണ്ടിയുള്ള ഗ്രോ ബാഗിൽ മണ്ണും വളവും നിറക്കുക, പച്ചക്കറി തൈകളുടെ ഉൽപ്പാദനം തുടങ്ങിയ പദ്ധതികളും കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ നടത്തിവരുന്നത്. കൃഷി ഓഫീസർ റോണി വർഗീസ് പറഞ്ഞു. 10കർഷകരാണ് കാർഷിക കർമ്മസേനയിൽ പ്രവർത്തിക്കുന്നത്. കൃഷി ലഭിക്കുന്ന ആനുകൂല്യങ്ങൾ കാർഷിക കർമ്മസേനയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ഈ തുക ഓരോരുത്തരുടെയും ജോലി ചെയ്തതിന് ആനുപാതികമായി വീതിച്ചു നൽകും . ഗ്രോ ബാഗിൽ മണ്ണ് നിറക്കുന്നതിന് ഒരെണ്ണത്തിന് 10രൂപ വീതവും, സ്വകാര്യ വ്യക്തികൾക്ക് തൊഴിലെടുക്കുമ്പോൾ അതിനുള്ള കൂലി ആ വ്യക്തിയും നൽകും. 10പേർക്ക് തൊഴിൽ ലഭിക്കുന്നതിനൊപ്പം, അത്യാവശ്യ ഘട്ടങ്ങളിൽ തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനും കാർഷിക കർമ്മസേനയുടെ പ്രവർത്തനം കൊണ്ട് കഴിയുന്നു.