അടൂർ : ഏഴംകുളം - മാങ്കൂട്ടം - ചെളിക്കുഴി - കുന്നിട - കുറുമ്പകര - പുതുവൽ വഴി പത്തനാപുരത്തിന് സർവീസ് നടത്തികൊണ്ടിരുന്ന സ്വകാര്യ ബസ് സർവീസ് നിറുത്തിയതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നൂറ് കണക്കിന് യാത്രക്കാർ ദുരിതത്തിൽ. കൊവിഡ് നിയന്ത്രണങ്ങളേതുടർന്നാണ് ആദ്യം സർവീസ് നിറുത്തിവെച്ചത്. അടുത്തിടെ ഓടിത്തുടങ്ങിയെങ്കിലും മിക്ക ദിവസങ്ങളിലും സർവീസ് മുടക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൂർണമായും നിറുത്തിയ അവസ്ഥയിലാണ്. ഏനാദിമംഗലം,പട്ടാഴി വടക്കേക്കര, ഏഴംകുളം പഞ്ചായത്തുകളിലെ ഉൾഗ്രാമങ്ങളിൽ കൂടിയുള്ള ഏക ബസ് സർവീസാണിത്. മാലൂർ കോളേജ്, പത്തനാപുരം, ഇരുപത്തിയാറ്, കുറുമ്പകര, കുന്നിട,ചെളിക്കുഴി, പടിഞ്ഞാറേവിള എന്നിവിടങ്ങളിലെ സ്കൂളുകൾ, നെടുമൺ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൈതപറമ്പ് കെ.വി.വി എസ് കോളേജ്, മൗണ്ട്സിയോൺ മെഡിക്കൽകോളേജ് എന്നിവിടങ്ങളിൽ പോകുന്നവർക്കുള്ള ഏക ആശ്രയമാണിത്. 180ഓളം കുട്ടികളാണ് സ്ഥിരമായി ഈ ബസിനെ ആശ്രയിച്ചുവന്നത്.സർവീസ് ഇല്ലാത്തത് മുതലെടുത്ത് ഒാട്ടോറിക്ഷക്കാർ അമിതചാർജ്ജും ഇൗടാക്കുന്നതായും പരാതിയുണ്ട്. നേരത്തെ ഇൗ റൂട്ടിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ഒാർഡിനറി സർവീസും മുടങ്ങിയതോടെ ഇൗ സ്വകാര്യബസ് മാത്രമാണ് യാത്രക്കാരുടെ ആശ്രയം.
നിവേദനം നൽകി
ഇൗ സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുന്നതിനൊപ്പം അടൂർ, പത്തനാപുരം ഡിപ്പോകളിൽ നിന്നും കെ.എസ്.ആർ.ടി.സി സർവീസും ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആവശ്യപ്പെട്ട് ശ്രേയസ് യൂത്ത് ഡെവലപ്പ്മെന്റ് റിസോഴ്സ് സെന്റർ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഉണ്ണിത്താൻ പത്തനാപുരം, കോന്നി, അടൂർ മണ്ഡലങ്ങളിലെ എം.എൽ.എമാർ, ഗതാഗതവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, പത്തനംതിട്ട ആർ.ടി.ഒ, അടൂർ ജോയിന്റ് ആർ.ടി.ഒ എന്നിവർക്ക് നിവേദനം നൽകി.