vamchi

പത്തനംതിട്ട: കത്തുന്ന വെയിൽ തട്ടി വഞ്ചിപ്പൊയ്കയിലെ പാറകൾ വെട്ടിത്തിളങ്ങുന്നു. ആ കാഴ്ചയിലറിയാം അവിടുത്തെ വരൾച്ചയുടെ കാഠിന്യം. ഒരു കിണറ്റിലും വെള്ളമില്ല. പാറകൾക്കിടയിലെ ഒാലിയിലൂടെ ഒഴുകിവരുന്ന വെള്ളമാണ് പ്രദേശത്തുകാർക്ക് ആശ്വാസത്തിന്റെ തെളിനീർ. ഏറിയാൽ രണ്ടാഴ്ച കഴിഞ്ഞാൽ അതും അപ്രത്യക്ഷമാകും. വഞ്ചിപ്പൊയ്കയിൽ രമണി ഇൗ നാട്ടിലെത്തിയിട്ട് 36 വർഷമായി. അന്നുമുതൽ വേനൽക്കാലത്ത് ഒാലിയിൽ നിന്ന് വെള്ളം നിറച്ച കലം തലച്ചുമടാക്കി വീട്ടിലേക്ക് നടക്കുകയാണ്. ഇൗ ദുരിതത്തിന് എന്നെങ്കിലും അറുതിയായെങ്കിൽ എന്ന് പ്രാർത്ഥിക്കുകയാണ് ഇൗ അറുപതുകാരി. വേനൽക്കാലത്ത് മുകളിലെ കൃഷി സ്ഥലത്ത് കെട്ടി നിറുത്തിയ ശേഷം ഒഴുക്കിവിടുന്ന വെള്ളമാണ് കലത്തിൽ നിറച്ച് കൊണ്ടുപോകുന്നത്. ഇത് കുടിക്കാൻ ഉപയോഗിക്കില്ല. ലോറിയിലെ ടാങ്കറിൽ എത്തിക്കുന്ന വെള്ളമാണ് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നത്. ഒരു ടാങ്ക് വെള്ളത്തിന് 500രൂപ കൊടുക്കണം. പത്തനംതിട്ടയിൽ നിന്ന് ശുദ്ധീകരിച്ച വെള്ളമാണ് എത്തിക്കുന്നതെന്ന് ടാങ്കുടമകൾ പറയുന്നു. ഒരു ടാങ്ക് വെള്ളം പരമാവധി രണ്ടു ദിവസത്തേക്കുണ്ട്. പ്രദേശത്തെ ചെറുപ്പക്കാർ കൂലിപ്പണിക്കാരാണ്. ഒരു ദിവസം അധ്വാനിച്ചുണ്ടാക്കുന്ന വേതനത്തിന്റെ പകുതിയിലേറെയും കുടിവെള്ളത്തിന് ചെലവാക്കുന്നു. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ വഞ്ചിപ്പൊയ്കയിൽ കുടിവെള്ള ക്ഷാമം കൂടുതലായി ബാധിക്കുന്നത് മുപ്പതോളം കുടുംബങ്ങളെയാണ്. ഭീമൻ പാറകൾ നിറഞ്ഞ പ്രദേശത്ത് വെള്ളം കിട്ടുന്നത് കനത്ത മഴക്കാലത്ത് മാത്രം. കിണറുകളിൽ നീര് കാണാൻ ഇനി അടുത്ത മഴക്കാലംവരെ കാത്തിരിക്കണം.

പൈപ്പ് ലൈൻ തകരാറിൽ

മോടിപ്പടി മുതൽ വഞ്ചിപ്പൊയ്ക വരെ വെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ തകരാറിലായത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മോടിപ്പടിയിൽ പൈപ്പ് പൊട്ടിയതു കാരണം ഉയർന്ന സ്ഥലമായ വഞ്ചിപ്പൊയ്കയിലേക്ക് വെള്ളം എത്തുന്നില്ല. കൗൺസിലർ അനില അനിൽകുമാർ ഇടപെട്ട് പൈപ്പുകൾ നന്നാക്കാനുള്ള നട‌പടിയെടുത്തിട്ടുണ്ട്. സുബല പാർക്കിന് സമീപത്തെ കിണറ്റിൽ നിന്ന് ആഴ്ചയിൽ രണ്ട് ദിവസമാണ് വെള്ളം പമ്പ് ചെയ്യുന്നത്.

" കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് വഞ്ചിപ്പൊയ്ക. വേനൽക്കാലത്ത് ഒാലിയും പൈപ്പ് ലൈനുമാണ് നാട്ടുകാരുടെ ആശ്രയം. പൈപ്പ് ലൈൻ വഴി എല്ലാ ദിവസവും വെള്ളം എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തും."

അനില അനിൽകുമാർ

കൗൺസിലർ