മല്ലപ്പള്ളി: കോമളം കടവിൽ സഞ്ചാരമാർഗമില്ലാത്തതിനെ തുടർന്ന് മുളകൾ ചേർത്തു ബന്ധിച്ച് ചെങ്ങാടം ഉണ്ടാക്കി പ്രദേശവാസികളും, ഒപ്പം ആക്ഷൻ കൗൺസിൽ അംഗങ്ങളും യുവമോർച്ചാ പ്രവർത്തകരും. നദിയിൽ തൂൺ ഉറപ്പിച്ച ശേഷം ഇവയ്ക്ക് മുകളിൽ മുളകൾ നിരത്തി നടപ്പാലം നിർമ്മിക്കുന്ന ജോലികൾ നടക്കുകയാണ്. കഴിഞ്ഞ പ്രളയത്തിൽ അപ്രോച്ച് റോഡ് ഒലിച്ചു പോയ കോമളം പാലത്തിലൂടെ സഞ്ചരിക്കാൻ മാർഗമില്ലാതായതിനെ തുടർന്നാണ് നാട്ടുകാർ ഇത്തരം പ്രവൃത്തികളിലേക്ക് നീങ്ങിയത്. അപ്രോച്ച് റോഡ് തകർന്നിട്ട് 100 ദിവസം പൂർത്തിയായിട്ടും അധികൃതർ നടപടി പൂർത്തിയാക്കിയിട്ടില്ല. കല്ലൂപ്പാറ, പുറമറ്റം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സമീപന പാത തകർന്നതോടെ ഇരു പഞ്ചായത്തുകളുടെയും വിവിധ ഭാഗങ്ങൾ ഒറ്റപ്പെട്ടു. വയോധികരുടെയും, കുട്ടികളുടെയും ബുദ്ധിമുട്ടുകൾ മനസിലാക്കിയാണ് നടപ്പാലം നിർമ്മിക്കുവാൻ യുവാക്കൾ തയാറായത്. ആക്ഷൻ കൗൺസിൽ അംഗങ്ങൾ മന്ത്രി പി.എ മുഹമ്മദ് റിയാസുമായി ബന്ധപ്പെടുകയും മണ്ണ് പരിശോധനയുടെ റിസൽറ്റ് എത്തുന്നതോടെ എസ്റ്റിമേറ്റ് പൂർത്തീകരിച്ച് നടിപടികൾ ആരംഭിക്കുമെന്നും ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.