അടൂർ: നിയോജക മണ്ഡലത്തിൽ 424 കോടി രൂപയുടെ ജലജീവൻ മിഷൻ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ഗുണഭോക്താക്കൾക്ക് വളരെ കുറഞ്ഞ ചെലവിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പള്ളിക്കൽ, പന്തളം തെക്കേക്കര, തുമ്പമൺ, കടമ്പനാട്, കൊടുമൺ, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനായി 424 കോടി 133000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മണ്ഡലത്തിലാകമാനം പൈപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കാനാവുമെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. വേനൽക്കാലത്ത് മണ്ഡലത്തിലെ ചില ഭാഗങ്ങളിൽ കുടിവെള്ളത്തിനായി വീട്ടമ്മമാർക്ക് ഏറെദൂരം പോകേണ്ടിവരുന്ന അവസ്ഥയുണ്ടായിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇതിൽ നിന്നുള്ള ശാശ്വത മോചനം ലഭിക്കും.

49.65 ലക്ഷം വീടുകൾ കുടിവെള്ളം

കേരളത്തിലെ പഞ്ചായത്തുകളിലുള്ള 49.65 ലക്ഷം വീടുകൾക്കാണ് അഞ്ചുവർഷം കൊണ്ട് ജലജീവൻ മിഷനിലൂടെ കുടിവെള്ള കണക്ഷൻ നൽകുന്നത്.1500 രൂപ മാത്രമാണ് ഓരോ കുടുംബത്തിനും ഈ പദ്ധതിയിലൂടെ വാട്ടർ കണക്ഷൻ എടുക്കാൻ ചിലവാക്കുന്നത്. വളരെ ചുരുങ്ങിയ ചിലവിൽ കുടിവെള്ളം വീട്ടിലെത്തുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ നടപടിക്രമങ്ങളും വളരെ ലളിതമാണ്. ആധാർ കാർഡ് മാത്രമാണ് രേഖയായി ആവശ്യമുള്ളത്. വാട്ടർ കണക്ഷൻ ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും രൂപം നൽകിയിട്ടുണ്ട്. കണക്ഷൻ എടുക്കുന്നതിന് പഞ്ചായത്ത് ഓഫീസിലോ തൊട്ടടുത്ത വാട്ടർ അതോറിറ്റി ഓഫീസിനെയോ ജലനിധി ഓഫീസിനെയോ സമീപിക്കണം.