desk

പത്തനംതിട്ട : കൊവിഡ് മൂന്നാംതരംഗത്തിൽ പ്രയാസം നേരിടുന്നവർക്ക് ഭക്ഷണം, ജീവൻ രക്ഷമരുന്നുകൾ, കൊവിഡാനന്തര സഹായം, എന്നിവ ജില്ലയിലെ 970 വാർഡുകളിലും എത്തിക്കുന്നതിനായി പത്തനംതിട്ട റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് കെയർസെന്റർ (പി.ആർ.പി.സി) കൊവിഡ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. രോഗപ്രതിരോധത്തിനും കൊവിഡ് ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനും 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 99 സോണൽ കമ്മിറ്റികളിലും കൊവിഡ് ഹെൽപ്പ് ഡെസ്‌കുകളും പ്രവർത്തനസജ്ജമായി.
പി.ആർ.പി.സി ജില്ലാകമ്മിറ്റി ആഫീസ് കൊവിഡ് കൺട്രോൾ റൂമായി പ്രവർത്തിക്കുന്നു. 97 വില്ലേജുകളെ മേഖലകളായി തിരിച്ച് സോണൽ അടിസ്ഥാനത്തിൽ ഹെൽപ്പ് ഡെസ്‌കും കൗൺസലിംഗ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ 970 വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത റാപ്പിഡ് റെസ്‌പോൺസ് ടീം അംഗങ്ങൾക്ക് ആരോഗ്യ വകുപ്പ് പരീശീലനം നൽകിയിരുന്നു. പി.ആർ.പി.സി പ്രവർത്തനം പ്രസിഡന്റ് കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. പി.ആർ.പി.സി ചെയർമാൻ പി.എസ്.മോഹനൻ അദ്ധ്യക്ഷനായിരുന്നു. മദർ തേരേസ പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരികളായ റ്റി.ഡി ബൈജു , പി.ബി.ഹർഷകുമാർ , പ്രസിഡന്റ് അഡ്വ.എസ്. മനോജ്, മാർക്രിസോസ്റ്റം പാലിയേറ്റിവ് പ്രസിഡന്റ് രാജു എബ്രാഹാം എം.എൽ.എ, സെക്രട്ടറി പി.ആർ.പ്രസാദ്, പി.ആർ.പി.സി സെക്രട്ടറി ശ്യംലാൽ, ജില്ലാ കോഡിനേറ്റർ അഡ്വ.എസ്.ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. കൺട്രോൾ റും സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :
82 81 15 71 97.