മുത്തൂർ - കിഴക്കൻ മുത്തൂർ ഭാഗവും മിനുങ്ങി
തിരുവല്ല: എം.സി റോഡിന് സമാന്തരമായി നഗരത്തിന്റെ കിഴക്കൻ മേഖലയിലെ ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് തിരുവല്ല ഔട്ടർ റിംഗ് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കി. കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻമുത്തൂർ - മുത്തൂർ വരെയുള്ള റിംഗ് റോഡ് പദ്ധതിയുടെ അവസാനഭാഗമായ മുത്തൂർ - കിഴക്കൻ മുത്തൂർ റോഡിൽ ബി.എം ബി.സി ടാറിംഗ് ജോലികൾ ഇന്നലെ പൂർത്തിയാക്കി. റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഫണ്ട് ഇല്ലാത്തതിനാൽ അടുത്ത ഘട്ടത്തിലാകും നടപ്പാത നിർമ്മാണം. റോഡിന്റെ വശങ്ങൾ മണ്ണിട്ടുയർത്തൽ, മാർക്കിംഗുകൾ, സൂചനാ ബോർഡുകൾ, റിഫ്ളക്ടറുകൾ സ്ഥാപിക്കൽ തുടങ്ങിയ ജോലികൾ കൂടി പൂർത്തിയാകാനുണ്ട്. 2019ൽ കുറ്റൂരിൽ നിന്ന് സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതികൂട്ടി നിർമ്മാണം തുടങ്ങിയ പദ്ധതി 12.5 കിലോമീറ്റർ ദൂരത്തിലാണ് പൂർത്തിയാകുന്നത്. ടി.കെ.റോഡ്, മല്ലപ്പളളി റോഡ് എന്നീ റോഡുകളുമായി ബന്ധിച്ചാണ് റിംഗ് റോഡ് കടന്നുപോകുന്നത്. അവസാനഭാഗത്തെ മൂന്നര കിലോമീറ്റർ ദൂരത്തിൽ 5.5 മീറ്റർ വീതിയിലാണ് ടാറിംഗ് ചെയ്തിട്ടുള്ളത്. 28 കോടിയോളം രൂപ ചെലവഴിച്ച് പാലാത്ര കൺസ്ട്രക്ഷൻസാണ് റോഡ് പുനർനിർമ്മിച്ചത്. മൂന്ന് വർഷത്തെ തുടർപരിപാലനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാരയാകുമോ പൈപ്പുകൾ
കുറ്റൂർ മുതൽ മുത്തൂർ വരെയുളള റോഡ് നിർമ്മാണം അവസാനിക്കാറായെങ്കിലും കുടിവെള്ള പൈപ്പുകൾ മാറ്റിയിടുന്ന ജോലികൾ നടന്നിട്ടില്ല. രണ്ടുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് പൈപ്പുമാറ്റാനായി ജല അതോറിറ്റി കിഫ്ബിയിൽ രണ്ടുവട്ടം സമർപ്പിച്ചെങ്കിലും ഭാരിച്ചതുക കാരണം എസ്റ്റിമേറ്റ് അംഗീകരിച്ചില്ലെന്നാണ് വിവരം. ഇതുകാരണം നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ പലവട്ടം പൈപ്പുപൊട്ടലുണ്ടായി. റോഡിന്റെ നടുവിലൂടെയാണ് പഴയ പൈപ്പുകൾ പോകുന്നത്. ഇതുകാരണം കിഴക്കൻമുത്തൂർ റോഡിലും പൈപ്പുപൊട്ടലുണ്ടായി റോഡ് തകരാറിലാകുമോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
- നിർമ്മാണച്ചെലവ് 28 കോടി
- അവസാനഭാഗത്തെ മൂന്നര കിലോമീറ്റർ
ദൂരത്തിൽ 5.5 മീറ്റർ വീതിയിലാണ് ടാറിംഗ്