₹സ്വാശ്രയ വിപണികളിൽ കർഷകരെത്തിക്കുന്ന ഉത്പന്നങ്ങൾക്ക് വില ലഭിക്കാൻ വൈകുന്നു
പത്തനംതിട്ട: വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിലിന്റെ സ്വാശ്രയ വിപണികളിൽ കർഷകർ ലേലത്തിന് വയ്ക്കുന്ന വിള ഉത്പന്നങ്ങൾക്ക് വില ലഭിക്കാൻ പെടാപ്പാട്.. സംസ്ഥാനത്തെ പകുതിയോളം വിപണികളിൽ നിന്ന് കർഷകർക്ക് യഥാസമയം പണം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
ആയിരക്കണക്കിന് കർഷകരാണ് ഉത്പന്നങ്ങളുമായി ആഴ്ചയിൽ രണ്ടു ദിവസം വീതം
വിപണികളിലെത്തുന്നത്. ഇവിടെ ലേലം ചെയ്യുന്ന സാധനങ്ങളെടുക്കുന്നവരിൽ ഏറെയും പച്ചക്കറി കച്ചവടക്കാരാണ്. ഇവർ കടകൾ വഴി സാധനങ്ങൾ വിറ്റഴിച്ച ശേഷം തുക വിപണിയിലെത്തിക്കും. ചേന, ചേമ്പ്, കാച്ചിൽ പോലുള്ള ഉത്പന്നങ്ങൾ മുഴുവനും കടകളിൽ വിറ്റുതീരാൻ ചിലപ്പോൾ രണ്ടാഴ്ചയിലേറെയെടുക്കും.. വിൽപ്പനയ്ക്ക് ശേഷം തുക വിപണിയിൽ നിന്നാണ് കർഷകർക്ക് നൽകുന്നത്. ഒരു മാസമായാലും തുക നൽകാത്ത വിപണികളുണ്ട്. അതേസമയം, കരുതൽ ധനശേഖരമുള്ള വിപണികൾ ലേലം കഴിയുമ്പോൾത്തന്നെ പണം നൽകുന്നുണ്ട്.
ഏത്തക്കുല, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, കപ്പ തുടങ്ങിയ സാധനങ്ങൾക്കാണ് വിപണികളിൽ പ്രിയം. വിൽക്കാനുള്ള സാധനങ്ങൾ ചെറു കൂട്ടങ്ങളായി കർഷകർ വിപണിയിലെത്തിച്ച് സ്വന്തം പേരിൽ ടോക്കൺ എടുത്തശേഷം ക്രമമനുസരിച്ച് ഭാരം തൂക്കണം. ഇത് വിപണിയിൽ നിരത്തിവച്ച ശേഷം ലേലം നടക്കും. ലേലം ഉറപ്പിക്കുന്ന തുക ബില്ലാക്കിയ ശേഷം കർഷകർ മടങ്ങും. രജിസ്റ്റർ ചെയ്ത കർഷകർ തിരഞ്ഞെടുത്ത കമ്മിറ്റിയാണ് വിപണികൾ നടത്തുന്നത്. സംസ്ഥാനത്ത് 241 സ്വാശ്രയ കാർഷിക വിപണികളുണ്ട്
' ഉത്പന്നങ്ങൾ കൂടുതലുള്ള വിപണികളിൽ പണം നൽകാൻ കർഷകർക്ക് അടുത്തൊരു ദിവസത്തെ തീയതി കുറിച്ചു നൽകുകയാണ് ചെയ്യുന്നത്. പണം നൽകാൻ ഏറെനാൾ വൈകുന്ന വപണികളുണ്ടോയെന്ന് അന്വേഷിക്കും'.
-വെജിറ്റബിൾ ആൻഡ് ഫ്രൂട്സ്
പ്രൊമോഷൻ കൗൺസിൽ