 
മല്ലപ്പള്ളി: കോട്ടാങ്ങൽ പടയണിയിൽ ഇന്നലെ കോട്ടാങ്ങൽ- കുളത്തൂർ കരക്കാരുടെ നേതൃത്വത്തിൽ ചൂട്ടുവലത്ത് നടത്തി. ഇന്ന് രാത്രി 11ന് കുളത്തൂർ കരയുടെയും കോട്ടാങ്ങൽ കരയുടേയും ഗണപതിക്കോലങ്ങൾ കളത്തിലെത്തും. മുതിർന്ന പടയണി കലാകാരന്മാർ തുള്ളുന്ന ആശാൻ കോലമാണ് ഗണപതി കോലത്തിലെ മുഖ്യ ആകർഷണം.നിരവധി ചുവടുകളും, അഭ്യാസ മുറകളും കാട്ടുന്ന ആശാൻ കോലം കരക്കാരെ വിസ്മയിപ്പിക്കാറുണ്ട്. കോലം തുള്ളൽ ക്ഷേത്ര മുറ്റത്തു ആരംഭിക്കുന്നത് പടയണിയുടെ മൂന്നും നാലും ദിവസങ്ങളിൽ ഗണപതി കോലത്തിൽ കൂടിയാണ്. പിശാച് കോലം എന്നും ചില സ്ഥലങ്ങളിൽ പറയാറുണ്ട്. കോട്ടാങ്ങൽ പടയണിയിൽ പഞ്ച കോലങ്ങളാണ് കളത്തിൽ എത്തുന്നത്. തപ്പു മേളത്തിന്റെ ആസുരിക താളത്തിൽ, ഗണപതിയും പടിവട്ടവും ചവിട്ടി, നൂറ് കണക്കിന് ചൂട്ടു കറ്റകളുടെ അകമ്പടിയോടെ, ആർപ്പു വിളികളുടെ ആവേശത്തിലാണ് പഞ്ച കോലങ്ങൾ കളത്തിൽ എഴുന്നെള്ളുന്നത്.