lorry
നിർമാണ സാമഗ്രികളുമായി എത്തിയ ലോറി തർക്കത്തെ തുടർന്ന് പമ്പയിൽ നിർത്തിയിട്ടിരിക്കുന്നു

പത്തനംതിട്ട : ശബരിമലയിൽ വലിയ നടപ്പന്തലിലും പമ്പ ഗണപതിക്ഷേത്രത്തിന് സമീപത്തും സ്ഥാപിക്കാനുള്ള കരിങ്കൽ പാളികൾ ഇറക്കുന്നതിന്റെ പേരിൽ കരാറുകാരും തൊഴിലാളി യൂണിയനുകളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് നിർമ്മാണം നിലച്ചു. സാധനങ്ങളുമായി തമിഴ്നാട്ടിൽ നിന്ന് വന്ന ലോറികൾ രണ്ടുദിവസമായി പമ്പയിൽ കിടക്കുകയാണ്. പ്രശ്ന പരിഹാരത്തിന് പമ്പ സി.എെയുടെ സാന്നിദ്ധ്യത്തിൽ തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചർച്ച നടത്തും. മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് തടസപ്പെട്ടത്.

കല്ലുകളുമായി എത്തിയ രണ്ട് ലോറികൾ പമ്പ ആശുപത്രി പരിസരത്ത് നിറുത്തിയിട്ടിയിരിക്കുകയാണ്. കല്ലിറക്കാൻ യൂണിയനുകൾ സമ്മതിക്കുന്നില്ലെന്ന് കരാറുകാരൻ പമ്പ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു.

ശബരിമലയിൽ യൂണിയനുകളുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ സീസൺ മുതൽ ഹൈക്കോടതി വിലക്ക് നിലനിൽക്കെയാണ് പുതിയ സംഭവം. കൂലിത്തർക്കത്തെ തുടർന്ന് നിർമ്മാണം നിലച്ചതിനാലായിരുന്നു ഹൈക്കോടതി ഇടപെടൽ.

തടഞ്ഞില്ലെന്ന് യൂണിയനുകൾ

നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറി തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. നേരത്തെ കയറ്റിറക്കുകൂലിയുമായി ബന്ധപ്പെട്ട് ലേബർ ഓഫീസറുടെ മധ്യസ്ഥതയിലുണ്ടാക്കിയ കരാറിലെ തുക മാത്രമാണ് ആവശ്യപ്പെട്ടതെന്ന്‌ എെ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ പറഞ്ഞു. കരാർ പ്രകാരം ലോറികളിൽ നിന്ന് കരിങ്കൽ പാളികൾ പമ്പയിൽ ഇറക്കിവയ്ക്കുന്നതിന് ടൺ ഒന്നിന് 915 രൂപയും അവിടെ നിന്ന് കയറ്റി നിർമ്മാണ സ്ഥലത്ത് ഇറക്കുന്നതിന് ട്രാക്ടർ ഒന്നിന് 400 രൂപയുമാക്കി നിശ്ചയിച്ചിരുന്നു. ഇൗ തുക വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ചരക്കുമായി ഓടുന്ന ട്രാക്ടറുകളിലധികവും ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ബിനാമികളുടേതും പെൻഷൻപറ്റിയ ആളുകളുടേതുമാണ്. യൂണിയനുകൾ വന്നാൽ ഈ തട്ടിപ്പ് നടക്കില്ലെന്ന് കണ്ടതോടെയാണ് ഇപ്പോൾ കൂലിത്തർക്കം ആരോപിക്കുന്നത്.

ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥൻമാരാണ് തർക്കമുണ്ടായെന്ന് പ്രചരിപ്പിക്കുന്നതെന്ന് സി.എെ.ടി.യു ജില്ലാപ്രസിഡന്റ് എസ്.ഹരിദാസ് പറഞ്ഞു. ചില ഉദ്യോഗസ്ഥൻമാരും കരാറുകാരും തമ്മിലുള്ള ധാരണപ്രകാരമാണിത്. ശരിയായ രീതിയിൽ നടക്കാത്ത പണിക്ക് ഉദ്യോഗസ്ഥൻമാർ കരാറുകാർക്ക് ബില്ല് മാറിക്കൊടുക്കുന്നുണ്ട്. ഇതിന് പ്രത്യുപകാരം കരാറുകാരും ചെയ്യുന്നുണ്ടെന്നും ഹരിദാസ് ആരോപിച്ചു.

പ്രശ്നം പരിഹരിക്കും

കയറ്റിറക്കുമായി ബന്ധപ്പെട്ട തർക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉടനെ പരിഹരിക്കും.

കെ.അനന്തഗോപൻ,

ദേവസ്വം ബോർഡ് പ്രസിഡന്റ്