ചെങ്ങന്നൂർ: പാണ്ടനാട് മുതവഴി കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഇറിഡിയം സാന്നിദ്ധ്യമുണ്ടെന്നു കരുതപ്പെടുന്ന താഴികക്കുടം മോഷണം പോയ സംഭവത്തിൽ പ്രതികൾ മുഖ്യമന്ത്രിക്ക് നൽകി പരാതിയന്മേൽ ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഓഫീസിൽ ഇവരുടെ മൊഴിയെടുത്തു. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാലു പ്രതികൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൊഴിയെടുത്തത്. പി.ടി. ലിജു, പി.ഗീതാനന്ദൻ, കെ.ടി.സജീഷ്, എസ്.ശരത്കുമാർ എന്നിവരാണ് പരാതി നൽകിയത്. സംഭവത്തിൽ കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരാണ് കേസിനു പിന്നിലെന്നും ബി.ജെ.പി ബന്ധമുള്ള ഇവരെ കോൺഗ്രസ് ഉന്നത നേതാക്കൾ സഹായിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു . 2011 ഒക്ടോബർ 20നാണ് ക്ഷേത്രത്തിലെ താഴികക്കുടത്തിന്റെ കൂമ്പ് മോഷണം പോയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തെ വീടിനു മുന്നിൽ കൂമ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പരാതിക്കാർ ഉൾപ്പെടെ ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച കേസ് ചെങ്ങന്നൂർ കോടതിയിൽ നടന്നു വരികയാണ്. നാലു പേരുടെയും മൊഴിയെടുത്തതായും വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനു സമർപ്പിക്കുമെന്നും ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ.ആർ.ജോസ് പറഞ്ഞു.