റാന്നി: കുരുമ്പൻമൂഴി പനംകുടന്ത വനമേഖലയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റുമോർട്ടത്തിന് ശേഷം മറവുചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മണക്കയം കോളനിക്ക് സമീപം പനംകുടന്ത പൊനച്ചി ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്.ഒരു വർഷമായി ജനവാസ മേഖലയിൽ തുടർച്ചയായെത്തി നാശം വിതച്ചിരുന്ന ഒറ്റയാനാണിതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.മുൻപ് കട്ടിക്കലരുവി വഴി ജനവാസ മേഖലയിലെത്തി വനം വകുപ്പിന്റെ ട്രൈബൽ വാച്ചറെ കുത്തിക്കൊന്ന ആനയാണിതെന്ന് നാട്ടുകാർ പറയുന്നു.കഴിഞ്ഞ ഒരാഴ്ചയായി ആന കുരുമ്പൻമൂഴി,മണക്കയം ഭാഗത്തെ ജനവാസ മേഖലയിൽ ഉണ്ടായിരുന്നു. പമ്പാനദിയുടെ തീരത്തു മേഞ്ഞിരുന്ന കന്നുകാലികളെയും വളർത്തുനായകളെയും ആന ആക്രമിക്കാൻ ശ്രമിച്ചിരുന്നു.അന്ന് ഏറെ പണിപ്പെട്ട് കടുവയുടെ ശബ്ദം മുഴക്കിയാണ് ആനയെ കാടു കയറ്റിയത്.
ഇന്നലെ രാവിലെ വനംവകുപ്പിന്റെ കോന്നി സ്‌ക്വാഡിലെ വെറ്ററിനറി സർജൻ ഡോ.ശ്യാം ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോർട്ടം. ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ബൈജു കൃഷ്ണൻ,ആർ.എഫ്.ഒ ശരത്ചന്ദ്രൻ,റാന്നി ആർ.എഫ്.ഒ കെ.എസ് മനോജ്,കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷാജിമോൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.