റാന്നി: ഡ്രൈവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ ട്രിപ്പു മുടക്കി സമരം ചെയ്തു. മോതിരവയൽ അമ്പാട്ട് ആശിഷ് (കണ്ണൻ29)നാണ് മർദ്ദനമേറ്റത്. മോതിരവയൽ അക്കാളുപടി ഉരുളേൽ വച്ച് തിങ്കളാഴ്ച രാത്രി ഒമ്പതരയോടാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ ആശിഷിനെ ബൈക്കുകളിൽ പിന്നാലെയെത്തിയ സംഘം തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. ആശിഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ബസ് കണ്ടക്ടറുമായ മുക്കം സ്വദേശി വിനീതിനെ അസഭ്യം വിളിച്ച് ഓടിച്ച ശേഷമാണ് മർദ്ദനം നടന്നത്. കഴിഞ്ഞ 27ന് ഉച്ചയോടെ തടിയൂരിന് സമീപം വച്ച് മഹേഷ് എന്നയാളുടെ കാർ ആശിഷ് ഓടിച്ചിരുന്ന ബസിന് പിന്നിൽ തട്ടിയിരുന്നു. പ്രശ്നത്തിൽ തർക്കവും ഉന്തും തള്ളും ഉണ്ടായെങ്കിലും സംഭവം അപ്പോൾതന്നെ പറഞ്ഞുതീർത്തതായി പറയുന്നു. തർക്കത്തിൽ ബി.എം.എസ് യൂണിയൻ നേതൃത്വം ഇടപെട്ട് പ്രശ്ന പരിഹാരം ഉണ്ടാക്കിയിരുന്നതായും പറയുന്നുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്ന് ആശിഷ് പറഞ്ഞു. പൈപ്പുകൊണ്ടുള്ള മർദ്ദനത്തിൽ തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ആശിഷ് റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

അക്രമവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി പുറമറ്റം ചെറുവള്ളിൽ ശിവപ്രസാദ് (31),അയിരൂർ മലങ്കോട്ടയ്ക്കൽ വിഷ്ണു എം.വിജയൻ(31),പെരുമ്പെട്ടി വൃന്ദാവനം കിടാരക്കുഴിയിൽ അനിൽകുമാർ(30),ചാലാപ്പള്ളി ശ്രീരാമസദനം അരുൺ (34) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.