daily
പെരിങ്ങമല പ്രദേശത്ത് ഓലിയിൽ നിന്ന് വെള്ളം ശേഖരിക്കുന്ന യുവതി

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ പെരിങ്ങമല ഒന്നാംവാർ‌ഡിൽ കുടിവെള്ളം കിട്ടാക്കനിയാകുന്നു.നാളുകളായിട്ടും ഇതുവരെ കുടിവെള്ള പൈപ്പുലൈൻ പ്രദേശത്ത് സ്ഥാപിച്ചിട്ടില്ല. നാട്ടുകാർക്ക് ആവശ്യത്തിനായി കുഴൽക്കിണർ കുഴിച്ച് നൽകിയിട്ടുണ്ട്. തുരുമ്പ് ചുവയുള്ള വെള്ളമാണിത്. തുണികൾ പോലും അലക്കാൻ പറ്റാത്ത സ്ഥിതിയാണ്. തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. വേനലായാൽ ഓലികളിൽ നിന്ന് ശേഖരിക്കുന്ന വെള്ളമാണ് ഏക ആശ്രയം. വർഷങ്ങളായി നാട്ടുകാരുടെ പ്രധാന ആവശ്യമാണ് പൈപ്പുലൈൻ. ഓലിയിൽ നിന്ന് വെള്ളം ശേഖരിച്ച് കിലോ മീറ്ററുകൾ സഞ്ചരിച്ച് വീട്ടിലെത്തിയാണ് ഇവർ ഉപയോഗിക്കുന്നത്. ടാങ്കറുകളിൽ വെള്ളം വാങ്ങുകയാണ് മറ്റൊരു വഴി.

പൈപ്പുലൈൻ എത്തിക്കുന്നത് പ്രയാസം

പെരിങ്ങമല ഒന്നാം വാർഡിൽ വെള്ളം എത്തിക്കുക പ്രയാസമാണെന്ന് ജനപ്രതിനിധികൾ പറയുന്നു. കാരണം ഉയർന്ന പ്രദേശമായതിനാൽ കല്ലറകടവ് ടാങ്കറിൽ നിന്നുള്ള വെള്ളം ഈ പ്രദേശത്ത് എത്തിക്കുവാൻ നിലവിലുള്ള പമ്പിംഗ് സംവിധാനത്തിൽ സാദ്ധ്യമല്ല. തോണിക്കുഴി, ചുരുളിക്കോട് ഭാഗത്ത് കുളം കുഴിച്ച് അവിടെ നിന്ന് പൈപ്പുലൈനിൽ കൂടി വെള്ളമെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതല്ലാതെ നേരിട്ട് ഇത്രയും ഉയർന്ന പ്രദേശത്തേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റാൻ പറ്റില്ലെന്ന് അധികൃത‌ർ പറയുന്നു. വലിയ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണിത്.

"ഈ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വർഷങ്ങളായി ഇവിടെ പൈപ്പുലൈൻ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. നേരത്തെ അധികൃതർ ടാങ്കറിൽ വെള്ളം എത്തിക്കുമായിരുന്നു. ഇപ്പോൾ സ്വന്തമായി ടാങ്കറിൽ 500 മുതൽ 3000 രൂപയ്ക്ക് വരെ വെള്ളം അടിക്കേണ്ട അവസ്ഥയാണ്.
രജില

(പ്രദേശ വാസി)

-ഏക ആശ്രയം ഓലിയിലെ വെള്ളം