മല്ലപ്പള്ളി : മല്ലപ്പള്ളി - ആനിക്കാട് പഞ്ചായത്തുകളിൽ പൂർണമായും കോട്ടാങ്ങൽ പഞ്ചായത്തിലെ ആറ് വാർഡുകളും ഉൾപ്പെടുന്ന വൻകിട ശുദ്ധജല പദ്ധതിയാണ് വകുപ്പുകളുടെ തർക്കം മൂലം മുടങ്ങി. ഇതിനായി 30 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ മുക്കാൽ തുകയും ചെലവഴിച്ചിട്ടും പൈപ്പുകുഴിച്ചിടാൻ നടപടിയായില്ല. മൂന്ന് പഞ്ചായത്തുകളിലെ ശുദ്ധജലവിതരണ പദ്ധതിയാണ് തുരുമ്പെടുത്ത് കാടുകയറി കിക്കുന്നത്. പദ്ധതി നടത്തിപ്പിന് തടസമായത് പൊതുമരാമത്ത് വകുപ്പെന്നാണ് ആരോപണം. മണിമലയാറ്റിലെ ശേഖരണ കേന്ദ്രം മുതൽ ട്രീറ്റ്മെന്റ് പ്ലാന്റുവരെ റോഡിൽ പൈപ്പുകുഴിച്ചിട്ട് ശേഷം പൂർവസ്ഥിതിയിലാക്കാനുള്ള ജോലികൾ പൊതുമരാമത്ത് തടസപ്പെടുത്തിയിരിക്കുകയാണ്. പണമടയ്ക്കാൻ രേഖാമൂലം അനുമതി നല്കാമെന്ന് അറിച്ചശേഷം എക്സിക്യൂട്ടീവ് എൻജിനീയർ തന്നെ വാക്കു മാറ്റിയതായും പരാതിയുണ്ട്. 2021 ഡിസംബർ 27 തീയതിയിലെ രണ്ട് കത്തുകളിൽ 9,69,249 ലക്ഷം രൂപ അടയ്ക്കാനാണ് പത്തനംതിട്ടയിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നത്. തേലമണ്ണിൽ കോഴിമണ്ണിൻ കടവ് പമ്പ് ഹൗസിൽ നിന്നും പുല്ലുകുത്തി വരെ റോഡിൽ പൈപ്പുകുഴിച്ചിട്ട് മൂടാൻ 5,11,613 ലക്ഷം രൂപയും അവിടുന്ന് പുളിക്കാമലയിലെ ശുദ്ധീകരണ ശാലയിലേക്ക് 4,57, 636 ലക്ഷം രൂപമാണ് ആവശ്യപ്പെട്ടിരുന്നത്. ഈ തുക പത്തനംതിട്ട ട്രഷറിയിൽ അടച്ച് ചെയാൻ "റോ " പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്നും അസൽ രേഖകൾ ഓഫീസിൽ എത്തിയ ശേഷം കരാർ വെച്ച് പണികൾ തുടങ്ങാമെന്നും വിശദീകരിച്ചിരുന്നു. ഇതനുസരിച്ച് പണം അടയ്ക്കുവാൻ ഒരുങ്ങുമ്പോഴാണ് സ്ഥലം സന്ദർശിച്ച ശേഷം തുകയടച്ചാൽ മതിയെന്ന വാദവുമായി എക്സിക്യൂട്ടീവ് എൻജിനീയർ നിലപാട് മാറ്റിയതായി വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.
.......................................
ശുദ്ധീകരണ യന്ത്രങ്ങൾ തുരുമ്പെടുത്തു
വകുപ്പുകൾ തമ്മിലുള്ള തർക്കം തുടരുന്നതോടെ പുളിക്കാമലയിലെ ശുദ്ധീകരണ ശാലയിൽ സ്ഥാപിച്ച യന്ത്രങ്ങൾ ഉപയോഗിക്കാതെ കിടന്ന് തുരുമ്പ് എടുത്ത് തുടങ്ങിയിരിക്കുകയാണ്. ആനിക്കാട് പഞ്ചായത്തിലെ നിരവധി വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. പലയിടത്തും വില കൊടുത്താണ് ശുദ്ധജലം വാങ്ങുന്നത്. വരൾച്ചയുടെ കാഠിന്യം ഏറിയാൽ വരും ദിവസങ്ങളിൽ കൂടുതൽ കുടിവെള്ള ക്ഷാമം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്.
..............................................
-മുടങ്ങി കിടക്കുന്നത് 30 കോടിയുടെ ശുദ്ധജലപദ്ധതി
-അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം