crime

പത്തനംതിട്ട: പത്തനംതിട്ട ജില്ലാട്രഷറിയിലും പെരുനാട് സബ് ട്രഷറിയിലും നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. സബ്ട്രഷറിയിലെയും ജില്ലാ ട്രഷറിയിലെയും ജീവനക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. കമ്പ്യൂട്ടറിൽ വിവരങ്ങളും പരിശോധിച്ചു. പ്രാഥമിക നിഗമനത്തിൽ തട്ടിപ്പ് നടന്നതായാണ് ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തുന്നത്. ജില്ലാ ട്രഷറിയിലെ സ്റ്റാമ്പ് ഡ്യൂട്ടി ഒാഫീസറെയടക്കം ഇന്നലെ ചോദ്യം ചെയ്തു. ഇതിനിടെ, തട്ടിപ്പിന്റെ സൂത്രധാരൻ പെരുനാട് സബ്ട്രഷറി സീനിയർ ട്രഷറർ സി.ടി.ഷഹീർ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.

മരണമടഞ്ഞ ഒാമല്ലൂർ സ്വദേശിനിയായ പെൻഷണറുടെ സ്ഥിരനിക്ഷേപത്തിലെയും സേവിംഗ്സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപയാണ് വ്യാജ അക്കൗണ്ടുണ്ടാക്കി തട്ടിയെടുത്തത്. കോന്നി സബ് ട്രഷറി ഒാഫീസർ രഞ്ചി കെ. ജോൺ, ജില്ലാ ട്രഷറി ജൂനിയർ സൂപ്രണ്ട് കെ.ജി.ദേവരാജൻ, ജൂനിയർ അക്കൗണ്ടന്റ് ആരോമൽ അശോകൻ എന്നിവരെ ഇതുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് ജീവനക്കാരുടെ ട്രഷറി കോഡും പാസ് വേർഡും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.

ട്രഷറി ഒാഫീസർ ഇൻ ചാർജിനെ മാറ്റി

ട്രഷറി തട്ടിപ്പ് വിവാദങ്ങൾക്കിടെ, ജില്ലാ ട്രഷറി ഒാഫീസർ ഇൻ ചാർജിനെ മാറ്റി സ്ഥിരം ഒാഫീസറെ നിയമിച്ചു. തിരുവനന്തപുരം സ്വദേശിനിയായിരുന്നു ചാർജ് ഒാഫീസർ. ഇവരുടെ കാലത്ത് ജില്ലാ ട്രഷറിയിൽ നട‌ന്ന തട്ടിപ്പിനെക്കുറിച്ച് പൊലീസിൽ പരാതി നൽകാതിരുന്നത് ചർച്ചയായിരുന്നു. ഭരണകക്ഷി യൂണിയനിൽപെട്ടവരാണ് തട്ടിപ്പ് നടത്തിയവരും ചാർജ് ഒാഫീസറുമെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ ആരോപിച്ചിരുന്നു. ചാർജ് ഒാഫീസറെ സ്വദേശത്തേക്ക് തന്നെ സ്ഥലം മാറ്റി സംരക്ഷിക്കുകയാണുണ്ടായതെന്ന് പ്രതിപക്ഷ സംഘടനകൾ കുറ്റപ്പെടുത്തി.

അന്വേഷണം ജില്ലാ ട്രഷറിയിലേക്കും