bridge
ഉപദേശിക്കടവ് പാലത്തിന്റ നിർമ്മാണം പുരോഗമിക്കുന്നു

തിരുവല്ല: കാലാവസ്ഥ അനുകൂലമായതോടെ ഉപദേശിക്കടവ് പാലത്തിന്റെ നിർമ്മാണം വേഗത്തിലായി. ഇരുകരകളിലെയും പൈലിംഗ് ജോലികൾ പൂർത്തിയായി. തൂണുകളുടെ നിർമ്മാണവും തൂണുകൾ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ജോലികളും പുരോഗമിക്കുകയാണ്. നദിയിലെ പൈലിംഗ് ജോലികളും തുടരുന്നു. കടപ്ര, പരുമല പ്രദേശങ്ങളെ ബന്ധിപ്പിക്കാനായി പമ്പാനദിയുടെ കുറുകെ ഉപദേശിക്കടവിൽ ആരംഭിച്ച പാലം പണി മഴയും വെള്ളപ്പൊക്കവും കാരണം മാസങ്ങളോളം തടസപ്പെട്ടിരുന്നു. പാലത്തിൽ നിന്ന് വളഞ്ഞവട്ടം ഭാഗത്തേക്ക് മൂന്ന് ലാൻഡ് സ്പാനുകളിൽ 50 മീറ്ററും പരുമല ഭാഗത്തേക്ക് ഏഴ് ലാൻഡ് സ്പാനുകളിൽ 2.1 കിലോമീറ്റർ ദൂരത്തിലുമാണ് അപ്പ്രോച്ച് റോഡ് നിർമ്മിക്കുന്നത്.

23.73 കോടി രൂപയുടെ പദ്ധതിക്ക് 2020 സെപ്തംബർ 17ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നടത്തിയത്. 271.50 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1.5 മീറ്റർ വീതിയിൽ നടപ്പാതയും നിർമ്മിക്കും. പാലം നിർമ്മാണം, അപ്പ്രോച്ച് റോഡുകളുടെ നിർമ്മാണം, ഇരുവശങ്ങളിലും സംരക്ഷണഭിത്തി നിർമ്മാണം, വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുക, ഭൂമി ഏറ്റെടുക്കൽ, ജല അതോറിട്ടിയുടെ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കുക തുടങ്ങി മുഴുവൻ പ്രവർത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്യു കോര ആൻഡ് കമ്പനിയാണ് പണികളുടെ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വർഷത്തെ കരാർ കാലാവധി പ്രതികൂല കാലാവസ്ഥ കാരണം നീട്ടിനൽകിയേക്കും.

പാലം വരുമ്പോൾ കടപ്ര ഒന്നാകും


കടപ്ര പഞ്ചായത്തിൽ 15 വാർഡുകളുണ്ട്. ഇതിലെ അഞ്ചുമുതൽ ഒമ്പത് വരെയുള്ള അഞ്ചു വാർഡുകൾ നദിയുടെ പരുമലഭാഗത്തെ കരയിലും, ബാക്കി 10 വാർഡുകൾ മറുകരയിലുമാണ്. അഞ്ച് വാർഡിലുള്ളവർക്ക് കടപ്ര പഞ്ചായത്ത് ആസ്ഥാനത്ത് എത്തണമെങ്കിൽ ആലപ്പുഴ ജില്ലയിലെ മാന്നാർ കടക്കണം. കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം പാലം വരുന്നതോടെ കുറ്റൂർ,പ്രാവിൻകൂട്, കല്ലുങ്കൽ,വെൺപാല,തുകലശേരി പ്രദേശത്തുനിന്ന് ടൗണിലെ തിരക്കിൽപ്പെടാതെ ഏറ്റവും വേഗത്തിൽ പരുമലയിലെത്താവുന്ന വഴിയായി മാറും. അഞ്ചു കിലോമീറ്ററോളം ദൂരം കുറയുകയും ചെയ്യും. ഇവിടെ നിന്നുള്ളവർക്ക് തിരുവല്ല നഗരവുമായി വേഗത്തിൽ ബന്ധപ്പെടാനുമാവും. ഗതാഗത തടസമുണ്ടായാൽ തിരുവല്ല-മാന്നാർ സമാന്തര പാതയായും ഈവഴി ഉപയോഗിക്കാനാവും. പരുമല പള്ളി, പനയന്നാർക്കാവ് എന്നിവിടങ്ങളിലേക്കുള്ള തീർത്ഥാടകർക്കും പരുമല ആശുപത്രിയിലേക്കു വരുന്ന രോഗികൾക്കും പരുമല ദേവസ്വംബോർഡ് കോളേജിലെ വിദ്യാർത്ഥികൾക്കും ഉപദേശിക്കടവ് പാലം പുതിയ വഴിതുറക്കും.

നിർമ്മാണ ചെലവ്- 23.73 കോടി

നീളം- 271.50 മീറ്റർ

വീതി- 11 മീറ്റർ