കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ മുക്കുഴി, വട്ടത്തറ, പതുക്കുളം, ഹാരിസൺസ് മലയാളം പ്ലാന്റേഷൻ പ്രദേശങ്ങളിൽ മൃഗവേട്ട പതിവാകുന്നതായി പരാതി. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ പെട്ട വനമേഖലയാട് ചേർന്ന ജനവാസ മേഖലകളായ പ്രദേശങ്ങളിലാണ് മൃഗവേട്ട നടക്കുന്നത്. ജില്ലയ്ക്ക് പുറത്തു നിന്നും എത്തുന്ന സംഘങ്ങൾ പ്രദേശവാസികളായ ചില ആളുകളുമായി ചേർന്നാണ് മൃഗവേട്ട നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇവിടുത്തെ ഇടക്കാടുകൾ തെളിക്കാതെ കിടക്കുന്ന റബർ തോട്ടങ്ങളിലെ മ്ലാവ്, കേഴ, കാട്ടുപന്നി എന്നിവ സഞ്ചരിക്കുന്ന താരകളിൽ വാഹനങ്ങളുടെ ബ്രേക്കിന്റെ കേബിളുകൾ ഉപയോഗിച്ച് കുരുക്കുകൾ നിർമ്മിച്ചാണ് ഇവയെ പിടികൂടുന്നത്. ഈ കുരുക്കുകളിൽ പലപ്പോഴും നാട്ടിലെ മേയാൻ വിടുന്ന നാൽക്കാലികൾ അകപ്പെട്ടു ചാകുന്ന പതിവുമുണ്ട്. കഴിഞ്ഞ ദിവസം വന്യമൃഗങ്ങളെ പിടികൂടാൻ സ്ഥാപിച്ച കുരുക്കിൽ വട്ടത്തറ, പുതുപ്പറമ്പിൽ അനിൽകുമാറിന്റെ 15 മാസം പ്രായമുള്ള വെച്ചൂർ പശു അകപ്പെട്ടു ചത്തു. ഇലക്ട്രിക്ക് ലൈനുകളിൽ നിന്നും നേരിട്ട് ഷോക്കേൽപ്പിച്ചു വന്യമൃഗങ്ങളെ പിടികൂടുന്ന പതിവുമുണ്ട്. ജനവാസമേഖലകളിൽ നിന്നും അകലെയുള്ള റബർ തോട്ടങ്ങളിലെ റോഡുകളിലൂടെ തുറന്ന ജീപ്പിലെത്തി മ്ലാവുകൾ വരുന്ന വഴിയരികിൽ കാത്തു കിടന്നു അവ വരുമ്പോൾ ജീപ്പുകളുടെ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകൾ ഓൺ ചെയ്യും. അപ്പോൾ മ്ലാവുകൾ മിനിറ്റുകൾ സ്തബ്ധരായി നിൽക്കും. ഈ അവസരത്തിൽ വെടി വച്ച് കൊല്ലുന്ന രീതിയുമുണ്ട്. രാത്രിയിൽ പിടികൂടുന്ന വന്യ മൃഗങ്ങളെ കശാപ്പുചെയ്ത് നേരം പുലരുന്നതിനു മുൻപ് അവശിഷ്ടങ്ങൾ പോലും സംഭവ സ്ഥലത്തു അവശേഷിപ്പിക്കാതെ കടത്തുന്നതാണ് രീതി.