sabarimala

പത്തനംതിട്ട : കൂലിത്തർക്കത്തെ തുർടന്ന് ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി ഒഴിവാക്കാൻ ഇന്ന് ചർച്ച നടക്കും. റാന്നി അസിസ്റ്റന്റ് ലേബർ ഓഫീസർ ബി.എം. ജിസ്മിയുടെ മദ്ധ്യസ്ഥതയിൽ രാവിലെ 11ന് പമ്പയിലാണ് ചർച്ച. യൂണിയൻ പ്രതിനിധികളും കരാറുകാരനും ദേവസ്വം ബോർഡ് പ്രതിനിധികളും പങ്കെടുക്കും. ഇന്നലെ പൊലീസ് നടത്തിയ ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടിരുന്നു. മുമ്പ് ലേബർ ഓഫീസറുടെ മദ്ധ്യസ്ഥതയിൽ നിശ്ചയിച്ച കൂലി തന്നെ വേണമെന്നാണ് യൂണിയൻ നേതാക്കളുടെ ആവശ്യം. ഹൈക്കോടതിയുടെ വിധി നിലനിൽക്കെ കയറ്റിറക്ക് അവകാശവാദം ഉന്നയിക്കാൻ യൂണിയനുകൾക്ക് സാധിക്കില്ലെന്നാണ് കരാറുകാരുടെ നിലപാട്. നേരത്തേ ലേബർ ഓഫീസറുടെ മദ്ധ്യസ്ഥതയിലുണ്ടാക്കിയ കരാർ പ്രകാരം ലോറികളിൽ നിന്ന് കരിങ്കൽ പാളികൾ പമ്പയിൽ ഇറക്കുന്നതിന് ടൺ ഒന്നിന് 915 രൂപയും അവിടെ നിന്ന് നിർമ്മാണ സ്ഥലത്ത് എത്തിക്കുന്നതിന് ട്രാക്ടർ ഒന്നിന് 400 രൂപയുമാക്കി നിശ്ചയിച്ചിരുന്നു. ഈ കരാർ കോടതി വിധി വന്നതോടെ ഇല്ലാതായെന്നാണ് കരാറുകാർ പറയുന്നത്. സ്‌പെഷ്യൽ കമ്മിഷണരുടെ റിപ്പോർട്ട് പ്രകാരം ശബരിമലയിൽ ചുമട്ട് തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം ഹൈക്കോടതി വിലക്കിയിരിക്കുകയാണ്.