
അടൂർ : എന്തിനാണ് ഇങ്ങനെയൊരു കുടിവെള്ള പദ്ധതിയെന്ന് അടൂരിലെ ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. മറ്റൊന്നുംകൊണ്ടല്ല, ആവശ്യത്തിന് പൈപ്പിലൂടെ വെള്ളം ലഭിക്കാത്തതുകൊണ്ട്തന്നെ. അതേസമയം ആയിരകണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യേണ്ട ശുദ്ധജലം നിവരധിയിടങ്ങളിൽ പൈപ്പ്പൊട്ടി പാഴാവുകയുമാണ്. യഥാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കാരണം. പൈപ്പുപൊട്ടുമെന്ന ഭീഷണിയിൽ ഉയർന്ന മർദ്ദത്തിൽ പമ്പിംഗും നടത്താറില്ല. ഇതോടെ ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് കുടിവെള്ളവും ലഭിക്കുന്നില്ല. അഞ്ച് വർഷത്തിലേറെയായി ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ നേർസാക്ഷ്യമാണിത്. അടൂർ നഗരസഭയ്ക്ക് പുറമേ അഞ്ച് പഞ്ചായത്തുകളിലെ ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ലോകബാങ്ക് ധനസഹായത്തോടെ ആരംഭിച്ച പദ്ധതിയാണിത്. കോടികൾ മുടക്കി ചെലവഴിച്ച പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നത് ഏറെ വിവാദം സൃഷ്ടിച്ച ഗംഗാധരൻ പൈപ്പും. ഉയർന്ന സമ്മർദ്ദത്തിൽ വെള്ളം ഒഴുക്കിവിട്ടാൽ പൈപ്പ് പൊട്ടി റോഡ് തകരുന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും വലിയശാപം. ഇത്തരത്തിൽ തകർന്ന റോഡുകളിൽ പലതിനും ഇനിയും ശാപമോക്ഷം ലഭിച്ചില്ല. അതിന് ഉദാഹരണമാണ് ചിരണിക്കൽ ട്രീറ്റ് മെന്റ് പ്ളാന്റിൽ നിന്ന് പറക്കോട് ജംഗ്ഷൻ വരെയുള്ള പറക്കോട് - കൊടുമൺ റോഡ്. ഇതിന് പുറമേ നിരവധി റോഡുകൾ വേറെയുമുണ്ട്. പഴയപൈപ്പുകൾ മാറ്റിസ്ഥാപിച്ച് ഉന്നത നിലവാരത്തിലുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ഇതുംമതിയായ മർദ്ദപരിശോധന നടത്താതെ സ്ഥാപിച്ചതുവഴി ഉന്നത നിലവാരത്തിൽ ടാർ ചെയ്ത കെ.പി റോഡിൽ അടൂർ മുതൽ ഏഴംകുളം പ്ളാന്റേഷൻ ജംഗ്ഷൻ വരെയുള്ള റോഡ് തകർന്നത് വാട്ടർ അതോററ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്.
പള്ളിക്കൽ പഞ്ചായത്തിലെ മലമുകൾ, പുള്ളിപ്പാറ, ചാല, പുത്തൻചന്ത പ്രദേശങ്ങളിൽ കുടിവെള്ളം ലഭിച്ചിട്ട് മൂന്ന് മാസത്തിലേറെയായി. ഇൗ മേഖലയിൽ പൈപ്പ്പൊട്ടി വെള്ളം നഷ്ടമാകുന്നത് സംബന്ധിച്ച് പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ല. അറ്റകുറ്റപണികൾ നടത്തുന്നതിന് പകരം പുള്ളിപ്പാറമലയിലെ ജലസംഭരണിയിൽ നിന്നുള്ള വാൽവ് അടച്ച് കുടിവെള്ള വിതരണം മുടക്കിയിരിക്കുകയാണ് അധികൃതർ.
ദിവ്യ,
ഗ്രാമപഞ്ചായത്തംഗം
പള്ളിക്കൽ പഞ്ചായത്ത് 15-ാം വാർഡ്.