mob

പത്തനംതിട്ട : 14 വയസുള്ള മകന് രാത്രി ഉറക്കമില്ല. മുറിയുടെ വാതിൽ അടച്ചിട്ട് വീഡിയോഗെയിം കളിയാണ്. ഉറക്കെയുള്ള ചിരിയും ബഹളവും, ഏത് സമയവും മൊബൈൽ ഫോൺ കയ്യിലുണ്ടാകും. കുടുംബത്തിലെ ആരുമായും സംസാരിക്കാൻ താൽപര്യം ഇല്ല. ഭക്ഷണം കഴിക്കുന്നത് തോന്നുന്ന സമയം. അടൂരിലാണ് സംഭവം.

തിരുവല്ലയിലെ 16 വയസ്സുകാരി സ്വന്തംമുറിയിൽ ആരെയും കയറാൻ സമ്മതിക്കില്ല. വ്യക്തി ശുചിത്വം പോലും ശ്രദ്ധിക്കാതെ ഫോൺ ഉപയോഗം. ഫോൺ മാറ്റിവയ്ക്കാൻ പറഞ്ഞാൽ കൈയ്യിൽ കിട്ടുന്ന സാധനങ്ങൾ എറിഞ്ഞ് ഉടയ്ക്കും.

റാന്നിയിൽ ഒറ്റയ്ക്കിരിക്കാൻ പേടിയാണെന്ന് പറയുന്ന മകൻ. ജില്ലയിലെ വിവിധ കൗൺസലിംഗ് കേന്ദ്രങ്ങളിൽ വന്ന പരാതികളാണിത്. ഇങ്ങനെ നിരവധി സംഭവങ്ങൾ. അമിതമായ ഫോൺ ഉപയോഗമാണ് കാരണം. ദിവസവും നിരവധിപേരാണ് കുട്ടികൾക്ക് കൗൺസലിംഗിനായി വിദഗ്ദ്ധരെ സമീപിക്കുന്നത്.

പഠനം ഓൺലൈനായി മാറിയതിനാൽ മൊബൈൽഫോൺ എല്ലാകുട്ടികൾക്കും ലഭിച്ചു.

തുടക്കത്തിൽ ആരുംശ്രദ്ധിക്കാതെ അവഗണിച്ച കുട്ടികളിലെ മൊബൈൽഫോൺ ഉപയോഗം ഇന്ന് ഗുണത്തെക്കാൾ ഏറെ ദോഷമാകുകയാണ്. കുട്ടികൾ അവരുടേതായ ലോകത്തേക്ക് മാത്രമായി ചുരുങ്ങി. വീടുകളിൽ പോലും സ്വകാര്യ ഇടങ്ങൾ തേടുകയാണ് കുട്ടികൾ.
ഇത് മാനസികാരോഗ്യപ്രശ്‌നങ്ങളും ആത്മഹത്യ പ്രവണതവരെയും സൃഷ്ടിക്കുന്നു. ലോകാരോഗ്യ സംഘടന ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഡിസീസിൽ ഗെയിമിംഗ് ഡിസോർഡർ ഉൾപ്പെടുത്തുകയും തുടർപഠനങ്ങളും പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

ഗെയിമിംഗ് ഡിസോർഡർ

ഒരു കുട്ടി അനിയന്ത്രിതമായി വീഡിയോഗെയിമിന് അടിമയാകുകയും അത് വ്യക്തിപരമായും കുടുംബപരമായും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ അത് മൊബൈൽ ഡിസോഡറാണ്. ഒരുകാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക , ഗെയിം കളിക്കാതിരിക്കുന്ന സമയങ്ങളിൽ അസ്വസ്ഥത തോന്നുക, എപ്പോഴും ഗെയിമിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുക, കഴുത്ത് വേദന, തലവേദന, ഉറക്കപ്രശ്‌നങ്ങൾ, വിഷാദരോഗം, എപ്പോഴും ക്ഷീണം, വിശപ്പില്ലായ്മ എന്നിവ ഇതിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു.

കുട്ടികൾക്കായി നിരവധി സ്ഥാപനങ്ങൾ

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ, ചൈൽഡ് വെൽഫയർ കമ്മിറ്റി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ചൈൽഡ് ലൈൻ, ശിശുക്ഷേമ സമിതി, ബാലസംരക്ഷണ സമിതികൾ, ബാലസഭ, ബാലപഞ്ചായത്ത്, ചിരി (ഹെൽപ് ലൈൻ), ഒ.ആർ.സി പദ്ധതി.

സഹായത്തിന് പത്തനംതിട്ട ദിശയിൽ വി​ളി​ക്കാം 1056

ടെലി കൗൺസലിംഗ്

2021 ഏപ്രിൽ മുതൽ 2022 ജനുവരി വരെ : 657

ക്ലിനിക്കൽ സൈക്കോളിജിസ്റ്റ് , സൈക്രാടിസ്റ്റ് ,തെറാപ്പിസ്റ്റുകൾ എന്നിവരുടെ അടുത്തേക്ക് റഫർ ചെയ്തതവരുടെ എണ്ണം : 173.

കേരളാ അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിൽ 27 കൗൺസിലേഴ്‌സിന് വന്ന കോളുകൾ : 1584

സഹായംതേടി വിളിച്ചതിൽ 95ശതമാനം പേരും അമ്മമാർ.