photo
ചന്ദനപ്പള്ളി- പൂങ്കാവ് - കോന്നി റോഡിലെ പൊടിശല്യം

പ്രമാടം : പൊടിയഭിഷേകത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ചന്ദനപ്പള്ളി മുതൽ കോന്നി വരെയുള്ള 12കിലോമീറ്റർ ദൂരത്തെ നാട്ടുകാർ. വെള്ളപ്പൊക്കത്തേയും വെള്ളക്കെട്ടിനെയും അതിജീവിക്കാനാണ് ചന്ദനപ്പള്ളി- പൂങ്കാവ് - കോന്നി റോഡ് മണ്ണിട്ട് ഉയർത്തി പുനർ നിർമ്മിക്കുന്നതെങ്കിലും പൊടിയഭിഷേകം നാട്ടുകാർക്ക് ഇരട്ടി ദുരിതമായിരിക്കുകയാണ്. മണ്ണിന് മുകളിൽ പാകിയ മെറ്റലുകൾ ഇളകി കിടക്കുന്നത് അപകടങ്ങൾക്കും കരാണമായിട്ടുണ്ട്. ഇരുചക്ര , മുച്ചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി അപകടത്തിൽപ്പെടുന്നത് പതിവാണ്. വാഹനങ്ങളുടെ ടയറുകൾക്കടിയിൽപ്പെടുന്ന മെറ്റലുകൾ തെറിച്ചു കെട്ടിടങ്ങളുടെ ജനൽ ഗ്ളാസുകൾ തകരുകയും കാൽനട യാത്രക്കാർ ഉൾപ്പടെയുള്ളവർക്ക് പരിക്കേൽക്കുന്നതും തുടർക്കഥയായിട്ടുണ്ട്. ശരിയായ രീതിയിൽ വെള്ളം ഒഴിക്കാത്തതും മെറ്റലുകൾ ഉറപ്പിക്കാത്തതുമാണ് പ്രതിസന്ധികൾക്ക് കാരണം.

ഓട നിർമ്മാണം ഉൾപ്പെടെ ബാക്കി

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ചില സമയങ്ങളിൽ കാരാറുകാർ ടാങ്കറുകളിൽ വെള്ളം എത്തിച്ച് സ്പ്രേ ചെയ്ത് പോകാറുണ്ടെങ്കിലും പൊടിശല്യത്തിന് ശമനം ഉണ്ടാകാറില്ല. ആറുവർഷം മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡ് മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെട്ട് തകരുകയും പലഭാഗങ്ങളിലും ഇരുത്തുകയും ചെയ്തു. അച്ചൻകോവിലാർ കരകവിഞ്ഞ് റോഡിൽ വെള്ളം കയറി താഴൂർ കടവ്, വള്ളിക്കോട് ഭാഗങ്ങളിൽ ദിവസങ്ങളോളം ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മണ്ണിട്ട് ഉയർത്തി അത്യാധുനിക രീതിയിൽ ടാർ ചെയ്യാൻ തീരുമാനിച്ചത്. ഇരുത്തിയ ഭാഗങ്ങളിൽ മണ്ണിട്ട് ഉയർത്തി മെറ്റൽ പാകി കഴിഞ്ഞു. ഓട നിർമ്മാണം ഉൾപ്പടെയുള്ള അനുബന്ധ ജോലികൾ കൂടി പൂർത്തിയായെങ്കിലെ ടാറിംഗ് നടത്താൻ കഴിയു.

പത്തനംതിട്ടയിലേക്കുള്ള ബൈ റോഡ്

കോന്നി താലൂക്ക് ആശുപത്രി ആനക്കൂട്, മിനിസിവിൽ സ്​റ്റേഷൻ, ജോയിന്റ് ആർ.ടി.ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പാതയാണ്. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള ബൈ റോഡായും ഇത് ഉപയോഗിക്കുന്നു.റോഡ് ഉയർത്തി ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തുന്നതോടെ ഇതുവഴിയുള്ള യാത്രാ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും. ചന്ദനപ്പള്ളി, അടൂർ, വള്ളിക്കോട്, പന്തളം പ്രദേശങ്ങളിലേക്ക് പോകുന്നവർ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോന്നിയിൽ നിന്നും പ്രമാടം പാറക്കടവ് പാലം വഴി പത്തനംതിട്ടയിൽ എത്താനുള്ള എളുപ്പവഴികൂടിയാണിത്.

..................

ചെറിയ വാഹനങ്ങൾ കടന്നുപോയാൽ പോലും പ്രദേശമാകെ പൊടി പരക്കും. റോഡ് സൈഡിലെ വീടുകളും സ്ഥാപനങ്ങളും പൊടിയിൽ മുങ്ങിക്കുളിച്ച നിലയിലാണ്. അസഹ്യമായ പൊടിശല്യം മൂലം പ്രദേശവാസികളിൽ ചുമ, തുമ്മൽ, പനി തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. അടിയന്തരമായി ഇതിന് പരിഹാരം കാണണം.

(നാട്ടുകാർ)