പത്തനംതിട്ട: പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ വാഹന യാത്രക്കാരുടെ വഴി തടസപ്പെടുത്തി പൊലീസ് ബാരിക്കേഡ്. ഗാന്ധി പ്രതിമയ്ക്ക് പിന്നിലൂടെ വാഹനങ്ങൾ ടി.കെ റോഡിലെ വൺവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ ബാരിക്കേഡുകൾ വച്ചിരിക്കുന്നത്. നഗരത്തിലെ ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി രണ്ടു മാസം മുൻപ് കൊണ്ടുവച്ച ബാരിക്കേഡ് നീക്കിയില്ല. അബാൻ ഭാഗത്ത് നിന്നും പൊലീസ് സ്റ്റേഷൻ റോഡിൽ നിന്നും സെൻട്രൽ ജംഗ്ഷനിൽ എത്തുന്ന വാഹനങ്ങൾ ടി.കെ റോഡിലേക്ക് യു ടേൺ തിരിയുന്നിടത്താണ് ബാരിക്കേഡ്. ടി.കെ റോഡിൽ ജനറൽ ആശുപത്രി ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങൾ കോളേജ് റോഡിലേക്ക് തിരിയുന്നതും ഇവിടെ നിന്നാണ്. ബാരിക്കേഡ് കാരണം വാഹനങ്ങൾക്ക് മതിയായ സ്ഥലസൗകര്യമില്ല. ഇത് കൂട്ടിയിടികൾക്ക് കാരണമാകുന്നു. പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയായിട്ടും വാഹനങ്ങൾക്ക് മാർഗതടസം സൃഷ്ടിക്കുന്ന ബാരിക്കേഡുകൾ മാറ്റുന്നില്ലെന്നാണ് നഗരവാസികളുടെ പരാതി. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ ഇവിടെ അപകട ഭീഷണി നിലനിൽക്കുന്നു.