 
മല്ലപ്പള്ളി : കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ മകരമാസ രാവിൽ കരക്കാരിൽ ആവേശം വിതറി കുളത്തൂർ കരയുടെ ഗണപതിക്കോലം തുള്ളി ഒഴിഞ്ഞു. രാത്രി 11ന് ആരംഭിച്ച പടയണി ചടങ്ങുകൾ 1 മണിയോടെ അവസാനിച്ചു.
ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം കളത്തിൽ എത്തും. മത്സര ബുദ്ധിയോടെയുള്ള പടയണി അവതരണമാണ് കോട്ടാങ്ങൽ പടയണിയുടെ മികവ് വർദ്ധിപ്പിക്കുന്നത്. ഗണപതിക്കോലം കളത്തിലേക്ക് ചുവടുകൾ ചവിട്ടി തുള്ളി ഉറഞ്ഞു എഴുന്നെള്ളുന്നത് കാണികളിൽ അനുഭൂതി സൃഷ്ടിക്കുന്നു. ഗണപതി കോലത്തിനുഉള്ള "കാപ്പൊലി " കരക്കാരിൽ ഭക്തി പരവശതയിലേക്ക് എത്തിക്കും. കരക്കാർ ഇരുവശത്തു നിരന്നു നിന്ന് ചൂട്ടു കറ്റകൾ ഉയർത്തി ആർപ്പു വിളികളോടെ കോലത്തെ വരവേറ്റു കളത്തിലേക്ക് കൊണ്ട് വരുന്നതിനാണു കാപ്പൊലി എന്ന് പറയുന്നത്. വിനോദം ഉൾപ്പെടുത്തിയിട്ടുള്ള അവതരണമാണ് ഗണപതി കോലത്തിന്റെ പ്രേത്യേകത.