
പത്തനംതിട്ട : നൂറ്റിഅഞ്ചാമത് മധ്യതിരുവിതാംകൂർ ഓർത്തഡോക്‌സ് കൺവെൻഷന് നാളെ തുടക്കമാകും. കൺവെൻഷനിലെ പ്രധാനദിനങ്ങൾ ആറുമുതൽ ഒമ്പതുവരെയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൺവെൻഷൻ നടത്തുമെന്ന് ജനറൽ കൺവീനർ ഡോ.തോമസ് ജോൺ മാമ്പറ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 7.30ന് ഭദ്രാസന സെക്രട്ടറി ഫാ.ടൈറ്റസ് ജോർജ് കുർബാന അർപ്പിക്കും. 10.30ന് ധ്യാനത്തിന് ഫാ.ജോൺ ടി. വർഗീസ് നേതൃത്വം നൽകും. 1.30ന് വനിതാസംഗമത്തിൽ പ്രൊഫ.മേരി മാത്യു ക്ലാസെടുക്കും. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷതവഹിക്കും. അഞ്ചിന് രാവിലെ വിവിധസംഘടന സംഗമം. ഫാ.തോമസ് വർഗീസ് ചാവടിയിൽ ക്ലാസെടുക്കും.
ആറിനു രാവിലെ അഞ്ചിൻമേൽ കുർബാനയ്ക്ക് ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. കൺവെൻഷൻ ഉദ്ഘാടനം കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത നിർവഹിക്കും. മന്ത്രി ആന്റണി രാജു പ്രസംഗിക്കും. ബാല, യുവസംഗമങ്ങളും ആറിനു നടക്കും. ഏഴിനു വൈകുന്നേരം സുവിശേഷ സമ്മേളനത്തിൽ ഫാ.മോഹൻ ജോസഫ് പ്രസംഗിക്കും. എട്ടിനു രാവിലെ 9.30ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. ഒമ്പതിനു രാവിലെ 11ന് കുർബാനയ്ക്ക് ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത കാർമികനാകും. രാത്രി ഏഴിന് കുടുംബസംഗമത്തിൽ റിട്ട. ഡി.ജി.പി ഡോ.അലക്‌സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പത്തിന് രാവിലെ ഇടവകവികാരി ഫാ.ഗബ്രിയേൽ ജോസഫ് വിശുദ്ധ കുർബാന അർപ്പിക്കും. കൺവെൻഷൻ വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംപ്രേക്ഷണം ചെയ്യും.
ജോയിന്റ് ജനറൽ കൺവീനർ ഷിജു തോമസ്, പ്രോഗ്രാം കൺവീനർ ഏബൽ മാത്യു, പബ്ലിസിറ്റി കൺവീനർ രാജൻസാമുവൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.