ചെങ്ങന്നൂർ: കെ.എസ്.ആ.ടി.സി ഡിപ്പോയിൽ ജീവനക്കാർക്ക് കൊവിഡ് രൂക്ഷമായതോടെ ഗ്രാമീണ മേഖലയിലേക്ക് നടത്തിയിരുന്ന ഒട്ടുമിക്ക സർവീസുകളും നിറുത്തിവച്ചു. കൊവിഡ് മഹാമാരിക്കുമുൻപ് 56 സർവീസ് നടത്തിയിരുന്ന ഡിപ്പോയിൽ നിന്നും പരമാവധി 33 സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. 17കണ്ടക്ടർമാർ, 12ഡ്രൈവർമാർ, അഞ്ച് ഓഫീസ് സ്റ്റാഫ്, മൂന്ന് മെക്കാനിക്ക് സ്റ്റാഫുമുൾപ്പെടെ 37 പേർക്കാണ് കഴിഞ്ഞ രണ്ടാഴ്ചക്കുളളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആളില്ലാത്തതിനെ തുടർന്ന് രോഗലക്ഷണങ്ങളുളളവരേപ്പോലും ജോലിക്ക് നിയോഗിച്ചത് രോഗം യാത്രക്കാരിലേക്കും പടരുന്നതിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. നാലുദിവസം മുൻപ് ഇത്തരത്തിൽ ചെങ്ങന്നൂരിൽ നിന്നും അടൂർ - കോട്ടയം ചെയിൻ സർവീസ് നടത്തിയ ബസിലെ കണ്ടക്ടർക്ക് രോഗം കലശലായതിനെ തുടർന്ന് കോട്ടയത്ത് ട്രിപ്പ് അവസാനിപ്പിച്ച് ഇദ്ദേഹത്തെ ആശുപത്രിയിലാക്കേണ്ട സ്ഥിതി സംജാതമായി. കൊവിഡ് മഹാമാരിയെത്തുടർന്ന് ഡിപ്പോയിലെ സർവീസുകൾ ഘട്ടമായിട്ടാണ് പിൻവലിച്ചത്. ദീർഘദൂര സർവീസുകളും ഫാസ്റ്റ് സൂപ്പർഫാസ്റ്റ് സർവീസുകളും നിലവിൽ തുടരുന്നുണ്ടെങ്കിലും ഓർഡിനറി ബസുകളുപയോഗിച്ച് ഗ്രാമീണമേഖലയിലേക്കും, മെഡിക്കൽ കോളേജുകളിലേക്കും നടത്തിയിരുന്ന സർവീസുകൾ മാത്രമല്ല ജനകീയ ചെയിൻ സർവീസുകളും നിറുത്തിയ അവസ്ഥയിലാണ്. ചെങ്ങന്നൂർ-ബുധനൂർ- വണ്ടാനം മെഡിക്കൽ കോളേജ്, ആലപ്പുഴ, മാന്നാർ-പൊടിയാടി- വണ്ടാനം മെഡിക്കൽ കോളേജ്- ആലപ്പുഴ സർവീസുകൾ നിറുത്തിയത് രോഗികളായ സാധാരണ ജനങ്ങൾക്ക് തിരിച്ചടിയായി. ഗ്രാമീണ മേഖലയിലെ പ്രധാന സർവീസുകളായ കൊഴുവല്ലൂർ പന്തളം, വെണ്മണി പന്തളം, ആല-കൊല്ലകടവ്-കായംകുളം, ഓതറ-ഇരവിപേരൂർ- മല്ലപ്പളളി, പത്തനംതിട്ട-ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ചെയിൻ സർവീസ് എന്നിവയും നിറുത്തിയിട്ട് കാലങ്ങളായി. കെ.എസ്.ആർ.ടി.സി മാത്രം സർവീസ് നടത്തിയിരുന്ന ചില പ്രദേശങ്ങളിൽ സർവീസുകൾ നിറുത്തിയത് ഈ ഭാഗത്തെ ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കി.
മകരവിളക്കിന് ശേഷം ജീവനക്കാരിൽ കൊവിഡ് രൂക്ഷം
മകരവിളക്കിന് ശേഷമാണ് ഡിപ്പോയിൽ ജീവനക്കാർക്ക് കൊവിഡ് ബാധ രൂക്ഷമായത്. യാത്രക്കാരുടെ കുറവും വരുമാന നഷ്ടവുമാണ് സർവീസുകൾ നിറുത്താൻ കാരണം. യാത്രക്കാരുടെ കുറവുമൂലം ഡിപ്പോയിലെ വരുമാനം ഏകദേശം 50 ശതമാനം കുറഞ്ഞു. യാത്രക്കാർ കൂടുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ വരും ദിവസങ്ങളിൽ പുനരാരംഭിക്കുമെന്ന് ചെങ്ങന്നൂർ എ.ടി.ഒ അബ്ദുൾ നിസാർ പറഞ്ഞു.
.......................
- കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളിൽ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
- ഡിപ്പോയിലെ വരുമാനം50% കുറഞ്ഞു
-56 സർവീസ് നടത്തിയിരുന്ന ഡിപ്പോയിൽ നിന്നും പരമാവധി 33 സർവീസാക്കി