റാന്നി: വായിലേറ്റ മുറിവു മൂലം തീറ്റയെടുക്കാൻ കഴിയാതിരുന്നതാണ് കുരുമ്പൻമൂഴി പൊനച്ചി ഭാഗത്തു കണ്ട കാട്ടാന ചരിയാൻ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.ജനവാസ മേഖലയോടു ചേർന്ന് സാമൂഹ്യ വിരുദ്ധർ കാട്ടുപന്നിയെ പിടിക്കാൻ വച്ച പടക്കം കടിച്ചതു മൂലമുണ്ടായതാകാം മുറിവെന്നാണ് നിഗമനം.കഴിഞ്ഞ ഒരു വർഷമായി ഈ ആന ജനവാസ മേഖലകളിൽ പതിവായി എത്തി കൃഷി നശിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പും കുരുമ്പൻമൂഴി, ഇടത്തിക്കാവ് മേഖലകളിൽ ആന എത്തിയിരുന്നു.അന്ന് കാടിറങ്ങിയ ആന വീടിന്റെ മതിലും തെങ്ങും മറിച്ചിട്ട ശേഷം വളർത്തുമൃഗങ്ങളെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.തിങ്കളാഴ്ച ഉച്ചയോടെയാണ് പനംകുടന്ത പൊനച്ചി ഭാഗത്ത് ചരിവുള്ളിടത്ത് ആനയെ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വനം വകുപ്പിന്റെ കോന്നി സ്‌ക്വാഡിലെ സർജൻ ഡോ.ശ്യാംചന്ദ്രന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ജഡം മറവുചെയ്തു.രണ്ടാഴ്ചയിലേറെയായി ആന തീറ്റയെടുത്തിട്ടില്ലെന്നാണ് നിഗമനം.മുറിവിന്റെ രീതിയും പഴക്കവും കണ്ടെത്താൻ ഫോറൻസിക് പരിശോധനയും നടത്തി.അസ്വാഭാവിക രീതിയിൽ ആന ചരിഞ്ഞതിന് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് കോടതിക്കു കൈമാറിയതായി കണമല സ്റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഷാജിമോൻ പറഞ്ഞു.