തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ചാത്തങ്കരി പുത്തൻപറമ്പിൽ പി.ബി സന്ദീപ് കുമാറിനെ (32) കൊലപ്പെടുത്തിയ കേസിൽ ഇന്നലെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രി എട്ടുമണിയോടെയാണ് വീടിന് സമീപത്തുവച്ച് സന്ദീപ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് അറുപതാംദിവസമാണ് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി 25), വേങ്ങൽ നന്ദുഭവനിൽ നന്ദു (23), കാസർകോട് മൊഗ്രാൽ മൈമൂൺ നഗർ കുട്ട്യാളൻവളപ്പിൽ മൻസൂർ (24) എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മുഖ്യപ്രതികൾക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് ആറാംപ്രതിയായ കരുവാറ്റ പാലവിള കോളനിയിൽ രതീഷി (36) നെതിരെ കേസ്. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിന് സമീപംവച്ച് മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു.
തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 732 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
രാഷ്ട്രീയ വിരോധവും
വ്യക്തി വൈരാഗ്യവും
സന്ദീപിനോടുള്ള രാഷ്ട്രീയ വിരോധവും വ്യക്തി വൈരാഗ്യവുമാണെന്ന് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്നാംപ്രതിയും ബി.ജെ.പി പ്രവർത്തകനുമായ ജിഷ്ണുവിന് സി.പി.എം നേതാവായ സന്ദീപനോട് രാഷ്ട്രീയ വൈരാഗ്യമുണ്ടായിരുന്നു. രാഷ്ട്രീയ കൊലപാതകമാണെങ്കിലും രാഷ്ട്രീയ ഗൂഢാലോചനയില്ല. ജിഷ്ണു ഒഴികെയുള്ള പ്രതികൾക്ക് രാഷ്ട്രീയ ബന്ധമില്ല. ജിഷ്ണുവിന്റെ രാഷ്ട്രീയ വൈരാഗ്യം തീർക്കാർ മറ്റ് പ്രതികൾ സഹായിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് കുറ്റപത്രം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ, മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് വിചാരണ കഴിയാതെ ഇനി ജാമ്യം ലഭിക്കില്ല.