ഓമല്ലൂർ : വേനൽ കനത്തതോടെ ഒാമല്ലൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി. പഞ്ചായത്തിലെ 14 വാർഡുകളിലും കുടിവെള്ള ക്ഷാമമുണ്ട്. മിക്ക വാർഡുകളും ഉയർന്ന പ്രദേശങ്ങളിലാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ തീരപ്രദേശത്തെ കിണറുകളും വറ്റി ത്തുടങ്ങി.
ടാങ്കറുകളിൽ വെള്ളം വാങ്ങി ശേഖരിച്ച് ഉപയോഗിക്കുകയാണ് ജനങ്ങൾ.
വാർഡ് സഭകളിലും പഞ്ചായത്ത് കമ്മിറ്റിയിലും നിരന്തരം കുടിവെള്ളത്തിനായി ശബ്ദമുയർത്തുന്നുണ്ടെങ്കിലും ബന്ധപെട്ടവർ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
തിങ്കൾ മുതൽ ഞായർ വരെ ജല വിതരണത്തിനുള്ള ഷെഡ്യൂൾ ക്രമീകരിച്ചിട്ടുണ്ടെങ്കിലും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രകാരമല്ല ജലവിതരണം നടത്തുന്നതെന്നാണ് ആരോപണം.
വാൽവ് ഓപ്പറേറ്റർ വാൽവ് മാറ്റിക്കൊടുക്കാത്തതാണ് കാരണം.
പഞ്ചായത്തിലേക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നത് അച്ചൻകോവിലാറ്റിൽ കൈപ്പട്ടൂർ പാലത്തിന് സമീപമുള്ള പമ്പ് ഹൗസിൽ നിന്നാണ്.
അവിടെ നിന്ന് അമ്പല ജംഗ്ഷന് സമീപമുള്ള ബുസ്റ്റർ ടാങ്കിൽ എത്തുന്ന വെള്ളം ശാന്തി നഗർ , പൈവള്ളി എന്നിവിടങ്ങളിലെ ഉയർന്ന സ്ഥലത്തുള്ള ടാങ്കുകളിൽ നിറച്ചാണ് വിതരണം നടത്തുന്നത്.
ടാങ്ക് നിറയാതെ വാൽവ് തുറന്നുവിടുന്നത് മൂലം കുറഞ്ഞ അളവിൽ മാത്രമാണ് വെള്ളം ലഭിക്കുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
-------------------
പറയനാലി , പുത്തൻ പീടിക, പന്ന്യാലി , മുള്ളനിക്കാട്,
പൈവള്ളി പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം
--------------------
"കുടിവെള്ള വിതരണത്തിന് കൃത്യമായ മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തണം.
ആവശ്യമെങ്കിൽ പുതിയ വാൽവ് ഓപ്പറേറ്ററെ നിയമിക്കണം. "
സുരേഷ് ഓലിതുണ്ടിൽ
ഏഴാം വാർഡ് മെമ്പർ