bund-2
വെട്ടൂർ ക്ഷേത്രക്കടവിലെ തകർന്ന ബണ്ട്

കോന്നി: മലയാലപ്പുഴ , പ്രമാടം പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന വെട്ടൂർ ക്ഷേത്രക്കടവിലെ ബണ്ട് പുനർനിർമ്മിക്കാൻ നടപടിയായില്ല. കഴിഞ്ഞ മഴക്കാലത്തെ കുത്തുഴുക്കിൽപ്പെട്ടാണ് ബണ്ട് തകർന്നത്. പുനലൂർ - മുവാറ്റുപുഴ സംസ്ഥാപാതയിലെ കിഴവള്ളൂർ പള്ളിപ്പടിയിൽ നിന്ന് നാട്ടുകാർ എളുപ്പത്തിൽ കുമ്പഴ ,വെട്ടൂർ, അട്ടച്ചാക്കൽ കോന്നി റോഡിലെത്തുന്നത് അച്ചൻകോവിലാറിന് കുറുകെ നിർമ്മിച്ചിരുന്ന ഈ ബണ്ടിന് മുകളിലൂടെ നടന്നായിരുന്നു. വെട്ടൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവർ കിഴവള്ളൂർ ഭാഗത്തേക്ക് എളുപ്പത്തിൽ പോകുന്നത് ഇതിനു മുകളിലൂടെ നടന്നായിരുന്നു. വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെത്തുന്നവരും ബണ്ട് പ്രയോജനപ്പെടുത്തിയിരുന്നു. ബണ്ട് തകർന്നതോടെ നാട്ടുകാരുടെ യാത്ര ദുർഘടമാവുകയാണ്. ആറ്റിൽ ജലനിരപ്പുയർന്നാൽ ഇതുവഴിയുള്ള യാത്ര മുടങ്ങും. ബണ്ട് നിർമ്മാണത്തിൽ അപാകതകളുണ്ടായിരുന്നതായും ആരോപണമുണ്ട്. പുതിയ ബണ്ട് നിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്ന് മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചങ്ങായിൽ പറഞ്ഞു.