maniyar

പത്തനംതിട്ട : പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാർഡാമിലെ അഞ്ച് ഷട്ടറുകളും മാറ്റി പുതിയത് സ്ഥാപിക്കാൻ തീരുമാനമായി. ഏഴ് കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ ഇ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. 2018 മഹാപ്രളയത്തിൽ കൂറ്റൻ പാറകളും തടികളും വന്നിടിച്ച ഡാമിന്റെ നിലവിലുള്ള ഷട്ടറുകൾ പല തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും തകരാറുകൾ പൂർണമായി പരിഹരിക്കപ്പെട്ടില്ല. അറ്റകുറ്റപ്പണികൾക്കായി ജലസേചന വകുപ്പ് ലക്ഷങ്ങളാണ് ചെലവാക്കിയത്. മെക്കാനിക്കൽ വിഭാഗം നടത്തിയ വിശദ പരിശോധനയിൽ ഷട്ടറുകൾ അഞ്ചും മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനി നിർമാണക്കരാർ ഏറ്റെടുക്കുമെന്നാണ് സൂചന. പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നതിന് കുറഞ്ഞത് എട്ട് മാസം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. പ്രളയത്തിൽ ഡാമിൽ അടിഞ്ഞ ചെളി നീക്കി എംസാൻഡ് ചാക്കുകൾ അടുക്കി ബണ്ട് നിർമ്മിച്ച് വെള്ളം കെട്ടിനിറുത്തിയാണ് നിർമ്മാണം നടത്തുന്നത്.

പ്രളയത്തെ തുടർന്ന് ഉയർത്തിയ ഷട്ടറുകൾ പിന്നീട് താഴ്ത്തിയപ്പോൾ വിടവുകൾ രൂപപ്പെട്ടിരുന്നു. ഇതുവഴി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്.

2019 മുതൽ അറ്റകുറ്റപ്പണികൾ നടത്തി വരികയായിരുന്നു. കഴിഞ്ഞവർഷം ജൂലായിലും ഒക്ടോബറിലും ഡിസംബറിലും അറ്റകുറ്റപ്പണികൾ നടന്നുവെങ്കിലും തകരാറുകൾ പരിഹരിക്കാനായില്ല. ഷട്ടറുകൾ തുരുമ്പെടുക്കുകയും ചെയ്തിരുന്നു. ഇൗ സാഹചര്യത്തിലാണ് പുതിയ ഷട്ടറുകൾ സ്ഥാപിക്കുന്നത്.

കമ്മിഷൻ ചെയ്തത് 1979ൽ

കക്കാട്ടാറിൽ നിർമ്മിച്ച മണിയാർ ഡാം 1979 ഫെബ്രുവരിയിലാണ് കമ്മിഷൻ ചെയ്തത്. പതിനെട്ട് അടിയാണ് ഉയരം. ഡാമിൽ നിന്നുള്ള വെളളം 500 മീറ്റർ അകലയെത്തിച്ച് സ്വകാര്യ കമ്പനിയായ കാർബറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

പമ്പ ജലസേചന പദ്ധതിയുടെ ഇടതുകര, വലതുകര കനാലുകളിലൂടെ വെള്ളം ഒഴുക്കിവിടുന്നത് മണിയാർ ഡാമിൽ നിന്നാണ്. ചെങ്ങന്നൂർ വരെ ഡാമിൽ നിന്ന് വെളളം എത്തുന്നത് വേനൽക്കാലത്ത് കൃഷിക്ക് വളരെയേറെ പ്രയോജനപ്പടുന്നു.

ചെലവിടുന്നത് 7കോടി

മാറ്റുന്നത് 5 ഷട്ടറുകൾ

നിർമ്മാണ കാലയളവ് 8 മാസം

ബണ്ട് സ്ഥാപിച്ച് വെള്ളം കെട്ടിനിറുത്തും