 
തിരുവല്ല: അനധികൃത കൈയേറ്റവും മുളങ്കാടുകളും മാലിന്യങ്ങളും നിറഞ്ഞ മണിപ്പുഴ തോട് ആഴംകൂട്ടി ശുചീകരിക്കുന്ന പദ്ധതി വൈകുന്നു. മണിമലയാറ്റിൽ നെടുമ്പ്രം പഞ്ചായത്തിലെ അഞ്ചുപറപ്പടി മുതൽ സ്വാമിപാലം വരെ 3.5 കി.മി നീളത്തിൽ തോട് ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കുന്ന പദ്ധതിക്ക് 2020ൽ അനുമതി ലഭിച്ചതാണ്. ഇതിനായി 34 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിരുന്നു. പദ്ധതിക്കായുള്ള സർവേ ജോലികൾ പൂർത്തിയാക്കി രണ്ടുവർഷത്തോളമായിട്ടും തോട് ശുചീകരണം ഇതുവരെയും തുടങ്ങാനായിട്ടില്ല. പദ്ധതി വൈകുന്നത് സാങ്കേതിക തടസങ്ങൾ കാരണമെന്നാണ് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്. ഇതുകാരണം ഫണ്ട് നഷ്ടമാകുമോയെന്നും ആശങ്ക ഉയർന്നിട്ടുണ്ട്. അഞ്ചുപറ കടവിൽ തുടങ്ങി തിരുവല്ല നഗരസഭയുമായി അതിരുപങ്കിട്ട് പെരിങ്ങര,ചാത്തങ്കരി,സ്വാമിപാലം വരെ ഒഴുകുന്ന തോടിനാണ് ദുർഗതി. ആറ്റുതീരങ്ങളിൽ വ്യാപകമായിരിക്കുന്ന മുളങ്കാടുകൾ വളർന്നുപന്തലിച്ച് പലയിടത്തും തോടിന് കുറുകെ കിടക്കുകയാണ്. ഇതുകാരണം ചെറിയ വള്ളങ്ങൾക്ക് പോലും പോകാനാകില്ല. ഇതോടൊപ്പം മാലിന്യങ്ങളും മറ്റും ഒഴുകിയെത്തി മിക്കഭാഗങ്ങളിലും കെട്ടിക്കിടക്കുകയാണ്. നല്ലവീതിയുണ്ടായിരുന്ന തോട്ടിൽ അനധികൃത കൈയേറ്റവും വ്യാപകമാണ്. പ്രളയത്തിൽ ഒഴുകിയെത്തിയ എക്കൽ തോട്ടിൽ കുമിഞ്ഞു കൂടിയിട്ടുണ്ട്. വേനൽ കടുത്തതോടെ ജലനിരപ്പ് താഴ്ന്ന് നീരൊഴുക്കും പലയിടത്തും തടസപ്പെട്ടു.
മണിപ്പുഴയാറിന്റെ പ്രൗഢി
വീണ്ടെടുക്കാൻ കൂട്ടായ്മ
മണിപ്പുഴയാറിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാനായി ലോക തണ്ണീർത്തട ദിനത്തിൽ പ്രകൃതി സ്നേഹികൾ ഒത്തുചേർന്നു. പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മണിപ്പുഴയാറിന്റെ തീരത്ത് സംഘടിപ്പിച്ച കൂട്ടായ്മ കവി ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ വൃക്കകളാണ് തണ്ണീർത്തടങ്ങളെന്നും ഇവ നശിക്കുമ്പോൾ ഭൂമിയും ക്രമേണ രോഗക്കിടക്കയിലാകുമെന്നും തണ്ണീർതടങ്ങൾ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്താംകോട്ട ദേവസ്വംബോർഡ് കോളേജ് സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ.പി. ഗീതാകൃഷ്ണൻ, പി.സീതാരാമൻ, വിജയകുമാർ മണിപ്പുഴ, ശ്യാം മണിപ്പുഴ, വി.ഹരിഗോവിന്ദ്, കൃഷ്ണമൂർത്തി. കൃഷ്ണ മുരളി എന്നിവർ പങ്കെടുത്തു.തുടർന്ന് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു.