 
പ്രമാടം : തിരക്കേറിയ പൂങ്കാവ് - പത്തനംതിട്ട റോഡിൽ പ്രമാടം സ്കൂൾ ജംഗ്ഷനിലെ മെറ്റിൽ കൂനകൾ അപകടക്കെണിയാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി ഇറക്കിയിട്ടിരിക്കുന്ന മെറ്റിൽ കാരണം ഒരാഴ്ചയ്ക്കിടെ നിരവധി വാഹന അപകടങ്ങളാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. നേതാജി ഹയർ സെക്കൻഡറി സ്കൂൾ, ഗവ. എൽ.പി സ്കൂൾ എന്നിവ സ്ഥിതിചെയ്യുന്ന മുക്കവലയിലാണ് വലിയ മെറ്റിലുകൾ കൂനകളായി ഇറക്കിയിട്ടിരിക്കുന്നത്. റോഡിലേക്ക് നിരന്നു കിടക്കുന്ന മെറ്റിലുകളിൽ കയറിയാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. നാട്ടുകാർ അധികൃതരോട് പരാതി പറഞ്ഞെങ്കിലും പരിഹാരമില്ല.
തുടർച്ചയായുള്ള അപകടങ്ങൾ മൂലം ഇവിടെ ഉണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പൊതുമരാമത്ത് വകുപ്പ് നേരത്തെ നീക്കംചെയ്തിരുന്നു. പുനലൂർ -മൂവാറ്റുപുഴ , ചന്ദനപ്പള്ളി- പൂങ്കാവ് - കോന്നി റോഡുകളിൽ പുനരുദ്ധുരണം നടക്കുന്നതിനാൽ ഭൂരിഭാഗം വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും മെഡിക്കൽ കോളേജിലേക്കുമുള്ള എളുപ്പവഴി കൂടിയാണിത്. സ്കൂൾ ദിവസങ്ങളിൽ നിരവധി കുട്ടികളും ഈ ജംഗ്ഷനിൽ ഉണ്ടാകും. മെറ്റിലുകൾ വാഹനങ്ങളുടെ ടയറുകൾക്കിടയിൽപ്പെട്ട് തെറിക്കുന്നത് കൂടുതൽ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ബസുകൾക്ക് യഥാസ്ഥാനങ്ങളിൽ നിറുത്താൻ കഴിയുന്നില്ല. പരിഹാരം കാണണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.