പത്തനംതിട്ട : തലമൂത്തയാൾ മൂപ്പൻ എന്നരീതി മാറ്റിക്കുറിച്ചിരിക്കുകയാണ് മണക്കയം ആദിവാസി കോളനിയിൽ. അറുപതും എഴുപതും കഴിഞ്ഞവർ മൂപ്പനാകുന്ന പതിവ് തെറ്റിച്ച് നാൽപ്പത്തഞ്ചുകാരൻ മനോജ് ഒ.എം ഓലിയ്ക്കൽ മൂപ്പനായി. മണക്കയം കോളനിയിലെ ഏറ്റവും പ്രായം കുറഞ്ഞ മൂപ്പൻ കൂടിയാണ് മനോജ്. സംസ്ഥാനത്തെ എല്ലാ ആദിവാസിവിഭാഗത്തിലും പ്രായമായവരെയാണ് ഊരുകൂട്ടം മൂപ്പനായി തിരഞ്ഞെടുക്കുന്നത്.
നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളു മനോജിന്. പേരിട്ടത് പോലും സ്കൂളിലെ അദ്ധ്യാപകരാണ്. പരേതരായ കൊച്ചുമാധവൻ, സരസമ്മ ദമ്പതികളുടെ മകനാണ്.
മുമ്പ് മനോജിന്റെ അച്ഛന്റെ അനിയൻ കേശവനായിരുന്നു ഊരുമൂപ്പൻ. കേശവന്റെ അളിയൻ ഗോപാലനാണ് അടുത്തതായി ഊരുമൂപ്പനാകേണ്ടിയിരുന്നത്. പ്രായമേറിയതിനാൽ അദ്ദേഹം തന്നെയാണ് മനോജിനെ ഊരുമൂപ്പനായി നിർദേശിച്ചത്. മനോജ് വിവാഹിതനല്ല. സഹോദരി : ഓമന. ആദിവാസികളുടെ വിഷയങ്ങൾ ഉന്നതാധികാരികൾ സംസാരിക്കുന്നത് മൂപ്പൻമാരോടാണ്. അവരുടെ പ്രശ്നങ്ങൾ ട്രൈബൽ ഓഫീസർമാരെ അറിയിക്കുന്നതും മൂപ്പൻമാരുടെ കടമയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ യുവജനങ്ങളുടെ പങ്കാളിത്തം പോലെ ഇവിടെയും വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ മീറ്റിംഗുകൾക്കൊക്കെ പോവേണ്ടതിനാൽ പല യുവാക്കളും മുമ്പോട്ട് വരില്ലെന്ന് മനോജ് പറഞ്ഞു.
യുവത്വം വരുമ്പോൾ
ആദിവാസി വിഭാഗങ്ങൾക്കാവശ്യമായ കാര്യങ്ങൾ സംവദിക്കാൻ കളക്ടറേറ്റിലും മറ്റുസർക്കാർ ഓഫീസുകളിലുമെത്തേണ്ടത് മൂപ്പൻമാരാണ്.
ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും യോഗത്തിൽ എത്തണമെങ്കിൽ പ്രായമായവർക്ക് ബുദ്ധിമുട്ടാണ്. മാത്രവുമല്ല എല്ലാക്കാര്യവും ഓർത്തുപറയാനും സംസാരിക്കാനും പലപ്പോഴും ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ചെറുപ്പക്കാരെ മൂപ്പനായി തെരഞ്ഞെടുക്കാൻ തീരുമാനിക്കുന്നത്.
► ഉള്ളാടർ, മലവേടർ, മലമ്പണ്ടാരം, മലയരയ തുടങ്ങിയ ആദിവാസിവിഭാഗങ്ങളിലുള്ളവരാണ് ജില്ലയിലുള്ളത്. ഒരു കോളനിയിൽ പത്തുമുതൽ മുപ്പത് വരെ കുടുംബങ്ങൾ ഉണ്ടാകും.