റാന്നി: ചത്ത നായയെ ചങ്ങലയിൽ ശരീരത്ത് കെട്ടി ജീവനുള്ള നായ റോഡിൽ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ മൃഗസ്നേഹികളും പൊലീസും സ്ഥലത്തെത്തി. വയറിൽ കെട്ട് മുറുകി വേദനകൊണ്ട് പുളയുന്ന ജീവനുള്ള നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പഴയംപാട്ട് ചന്ദ്രന് കടിയേറ്റു. ഇന്നലെ രാവിലെ വെച്ചൂച്ചിറ ചാത്തൻതറയ്ക്ക് സമീപം പതിനഞ്ചാംപടിയിലായിരുന്നു സംഭവം . പൊലീസ് പറയുന്നത് - പുത്തേട്ട് വീട്ടിൽ റോയിയുടെ വീട്ടിൽ പൂട്ടിയിട്ടിരുന്ന നായയുടെ സമീപമെത്തിയ തെരുവു നായ ചങ്ങലയിൽ കുരുങ്ങുകയും പരസ്പരം കടിക്കാനൊരുങ്ങുകയും ചെയ്തു.തുടർന്ന് നായകളെ രക്ഷിക്കാൻ റോയി ചങ്ങല അഴിച്ചുവിടുകയായിരുന്നു. ഇതോടെ തെരുവു നായയെ വലിച്ചു കൊണ്ട് വളർത്തുനായ പുറത്തേക്ക് ഓടി. ഇതിനിടെ തെരുവുനായ ചത്തു. പിന്നീടാണ് റോയി സംഭവം അറിയുന്നത്. മന:പൂർവമുള്ള സംഭവമല്ലാത്തതിനാൽ കേസെടുത്തിട്ടില്ല.