
പത്തനംതിട്ട : പട്ടികജാതി - പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ അത് ഗൗരവമായി കാണണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ വിശദമായ അന്വേഷണം നടത്തി രണ്ട് മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ചെങ്ങന്നൂർ ഡിവൈ. എസ്.പിക്ക് നിർദ്ദേശംനൽകി. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിനി മഞ്ജൂബിജു സമർപ്പിച്ച പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയത്.
തന്റെ അയൽവാസികളായ മുത്തേടത്ത് വീട്ടിൽ ജോമോൻ, ഭാര്യ സാലി എന്നിവർ തന്റെ വീട്ടിൽ മാരകായുധങ്ങളുമായെത്തി തന്നെയും ഭർത്താവിനെയും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് കമ്മിഷൻ ചെങ്ങന്നൂർ ഡിവൈ.എസ്.പിയിൽ നിന്ന് റിപ്പോർട്ട് വാങ്ങി.
2020 ഡിസംബർ 27നാണ് പരാതിക്കാരി ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തന്നെയും ഭർത്താവിനെയും അസഭ്യം വിളിക്കുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന പരാതിയിൽ പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമനിരോധന നിയമപ്രകാരം കേസെടുത്തു. തുടർന്ന് ആലപ്പുഴ ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്. പി അന്വേഷണം നടത്തി വരികയാണ്. 2021 ഫെബ്രുവരി 4 ന് ചുമതലയേറ്റ പുതിയ ഡിവൈ.എസ്. പി കേസിന്റെ അന്വേഷണം ഏറ്റെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന് പരാതിക്കാരി സമർപ്പിച്ച ആക്ഷേപത്തിൽ ആക്രമണത്തെ തുടർന്ന് തങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നുവെന്ന് പറയുന്നു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ രസീത് നൽകാൻ പോലും സിവിൽ പൊലീസ് ഓഫീസർ തയ്യാറായില്ല. പ്രതി പൊലീസിന് കീഴടങ്ങിയെങ്കിലും പ്രതിക്ക് അനുകൂലമായാണ് കേസന്വേഷണം നടക്കുന്നതെന്നും ആക്ഷേപമുണ്ട്.