sabarimala

പത്തനംതിട്ട : ശബരിമലയിലേക്കുള്ള നിർമ്മാണസാമഗ്രികൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരനും തൊഴിലാളികളും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. ടൺ ഒന്നിന് 650 രൂപ നിരക്കിൽ കൂലി നൽകാമെന്ന് കരാറുകാരൻ സമ്മതിച്ചതോടെയാണിത്. റാന്നി അസിസ്റ്റന്റ് ലേബർ ഓഫീസർ പി.എം. ബിസ്മിയുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ലോറിയിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നതിന് ടൺ ഒന്നിന് 650 രൂപയും അവിടെ നിന്നും കയറ്റി നിർമ്മാണ സ്ഥലത്ത് ഇറക്കുന്നതിന് ട്രാക്ടർ ഒന്നിന് 400 രൂപയും നൽകാൻ കരാറുകാരൻ സമ്മതിച്ചു. പമ്പ സി.എെയുടെ മദ്ധ്യസ്ഥതയിലായിരുന്നു ചർച്ച. പ്രദേശവാസികൾക്ക് തൊഴിൽ നൽകുമെന്നും കരാറുകാരൻ പറഞ്ഞിട്ടുണ്ട്. നിലവിൽ ഇവിടെ ജോലി ചെയ്യുന്നവരിൽ പകുതിയിലധികം പേരും പുറത്തുനിന്നും വന്നവരാണ്. ഇവർക്കൊപ്പം പൂങ്കാവനത്തോട് ചേർന്നുള്ളവർക്കും തൊഴിൽ നൽകണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് സി.എെ.ടി.യു നേതാവ് എസ്. ഹരിദാസ്, എെ.എൻ.ടി.യു.സി പ്രതിനിധി ജോർജ് കുട്ടി പമ്പാവാലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.