പത്തനംതിട്ട: നഗരത്തിലെ രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരസഭ ബദൽ മാർഗങ്ങൾ തേടുന്നു. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി രൂക്ഷമായ കുടിവെള്ളക്ഷാമമാണ്. ജലഅതോറിറ്റിയുടെ പ്ലാന്റിൽ നിന്ന് ചെളി നീക്കം ചെയ്ത ശേഷവും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിതരണ ലൈനിൽ പല ഭാഗങ്ങളിലും അടിക്കടി ഉണ്ടാകുന്ന പൈപ്പ് പൊട്ടലും ലൈൻ മാറ്റി സ്ഥാപിക്കുന്ന ജോലിയും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ പ്രാദേശികമായ ചെറുകിട പദ്ധതികൾക്ക് രൂപം നൽകുകയാണ് നഗരസഭ. ഇത്തരത്തിലുള്ള പദ്ധതിയാണ് പതിനാലാം വാർഡിൽ തുടക്കമാകുന്ന മണ്ണുങ്കൽ കുടിവെള്ള പദ്ധതി. അറബിക് കോളേജ് അങ്കണവാടിയോട് ചേർന്നുള്ള കുളമാണ് ജലസ്രോതസ്. ഇതിൽ നിന്ന് എട്ടു ലക്ഷം ലിറ്റർ വെള്ളം ലഭ്യമാകുമെന്നാണ് ഭൂഗർഭ ജല വകുപ്പിന്റെ കണ്ടെത്തൽ. 13, 14, 21 വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം 56 ലക്ഷം രൂപ നഗരസഭ വാട്ടർ അതോറിറ്റിയിൽ കെട്ടിവെച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുണ്ടമൺകര കോട്ടപ്പാറ കുടിവെള്ള
പദ്ധതി പൂർത്തിയാകുന്നു
തുണ്ടമൺകര കോട്ടപ്പാറ കുടിവെള്ള പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. കുമ്പഴ തുണ്ടമൺകര കടവിൽ നിന്ന് കോട്ടപ്പാറയിലുളള ഒരു ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിച്ച് നഗരസഭയുടെ 15 മുതൽ 20 വരെയുള്ള വാർഡുകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്ന പദ്ധതിയാണിത്. ടാങ്കിന്റെ നിർമ്മാണം പൂർത്തിയായി. കുടിവെള്ള വിതരണത്തിനായുള്ള പൈപ്പ് ലൈൻ ഇടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഒന്നേകാൽ കോടിരൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. നഗരസഭ പതിനേഴാം വാർഡിലെ പേങ്ങാട്ട് മുരുപ്പ് പദ്ധതിക്കും 20 ലക്ഷം രൂപ നഗരസഭ കെട്ടിവെച്ചു കഴിഞ്ഞു. പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. തോണിക്കുഴിയിൽ ചെറുകിട ജല വിതരണ പദ്ധതി പ്രവർത്തനം ആരംഭിച്ചു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്ന അമൃത് പദ്ധതിയിലൂടെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനുള്ള പ്രവർത്തന രൂപരേഖ തയ്യാറാക്കി വരികയാണെന്ന് നഗരസഭ ചെയർമാൻ കെ.സക്കീർ ഹുസൈൻ പറഞ്ഞു.