ചെങ്ങന്നൂർ: ചെറിയനാട് ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പുറപ്പാട് മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് നടക്കുന്ന കാഴ്ചശ്രീബലിക്കും സേവക്കും ശേഷം പുലർച്ചെ ഒന്നിന് ശ്രീഭൂതബലിയോടുകൂടി പുറപ്പാട് എഴുന്നെള്ളത്ത് ആരംഭിക്കും. ഈ സമയം ക്ഷേത്ര തിരുമുൻപിലെ മൂലികോട് കരക്കാരുടെ കമ്പവിളക്കിൽ നിറദീപങ്ങൾ തെളിയും. കരനാഥനും കുമാരമംഗലത്ത് കിഴക്കേടത്ത് ഇല്ലം കുടുംബനാഥനും തമ്മിലുള്ള ചോദ്യാനുവാദത്തിനുശേഷം ഭഗവാനെ കിഴക്കോട്ടെഴുന്നെള്ളിക്കും.
ക്ഷേത്രശ്രീകോവിലിൽ നിന്ന് പകരുന്ന ദീപം കരക്കാർ 13 പള്ളിവിളക്കുകളിൽ തയ്യാറാക്കിയിരിക്കുന്ന തിരികളിലേക്ക് പകരുന്നതോടെ ക്ഷേത്രം മുതൽ പടനിലം ക്ഷേത്ര മൈതാനം വരെ ദീപപ്രഭ നിറയും. ക്ഷേത്രത്തിനു മുൻപിൽ കരക്കാർ കർപ്പൂര ദീപങ്ങൾ കത്തിച്ച് ഭഗവാനെ സ്വീകരിക്കുന്നതോടെ പുറപ്പാട് എഴുന്നെള്ളത്ത് ആരംഭിക്കും. തുടർന്ന് 13 പള്ളിവിളക്കുകളുടെ ദീപപ്രഭയിൽ ആർപ്പുവിളികളും വായ്കുരവകളും മുഴങ്ങിനിൽക്കുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പടനിലം ക്ഷേത്രമൈതാനിയിലെത്തുന്ന ഭഗവാനെ അരിയന്നൂർശേരി കരക്കാർ സ്വീകരിക്കും. കരനാഥൻ നൽകുന്ന കൈനീട്ടപ്പറ സ്വീകരിച്ച് ഭക്തസഹസ്രങ്ങൾക്ക് ദർശനം നൽകി ദേശദേവൻ തിരികെ ക്ഷേത്രത്തിലേക്കെഴുന്നെള്ളുന്നതോടെ പുറപ്പാട് മഹോത്സവം സമാപിക്കും.