ചെങ്ങന്നൂർ: സമൂഹമാദ്ധ്യമത്തിൽക്കൂടി രാഷ്ട്രീയമായും വർഗീയമായും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. തിരുവല്ല കോയിപ്രം പുല്ലാട് പൂവ്വത്തുംമൂട്ടിൽ സുനിൽ, ചെങ്ങന്നൂർ ആലാ സ്വദേശി ടി.ഡി പ്രകാശ് എന്നിവർക്കെതിരെയാണ് 53 ഐ.പി.സി 34 പ്രകാരം കേസെടുത്തത്. കഴിഞ്ഞദിവസം ചെങ്ങന്നൂർ കിഴക്കേനട ക്ഷേത്രത്തിന് മുന്നിൽ വച്ച് ബി.ജെ.പി ദക്ഷിണമേഖലാ സെക്രട്ടറി ബി. കൃഷ്ണ കുമാറും ബി.എം.എസ് പ്രാദേശിക നേതാവ് ളാഹശേരിൽ സുരേഷ് കുമാറും തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. പിന്നീട് സംഘടനാ നേതാക്കൾ ഇടപ്പെട്ട് പ്രശ്‌നം അന്നുതന്നെ ഒത്തുതീർപ്പാക്കി. ഈ സംഭവംമുതലെടുത്താണ് മന്ത്രി സജി ചെറിയാനെയും ബി.ജെ.പി നേതാവ് ബി.കൃഷ്ണകുമാറിനേയും അവഹേളിക്കുന്ന തരത്തിലും മതസ്പർദ്ദ ഉണ്ടാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയും പ്രതികൾ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തു എന്നുകാട്ടി ബി.ജെ.പി നേതാവ് കൃഷ്ണകുമാർ ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ ജോസിന് പരാതി നൽകിയത്. ഇതേ തുടർന്ന് ഒരു പ്രതി കേരളത്തിന് പുറത്തേക്ക് കടന്നതായും സൂചനയുണ്ട്.