ഹരിപ്പാട് : കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് പ്രസിഡന്റ് എസ് വിനോദ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വാർഡുതലത്തിൽ ജാഗ്രത സമിതികൾ പുനഃസംഘടിപ്പിക്കും.അങ്കണവാടി വർക്കർമാർക്ക് കോർഡിനേറ്റർമാരുടെ ചുമതല നൽകും. വാർഡുകളെ ക്ലസ്റ്ററുകളായി തിരിച്ചു കുടുംബശ്രീ-സന്നദ്ധ വോളണ്ടിയർമാരുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്താനും പനി ബാധിതരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കാനും തീരുമാനിച്ചു. ഹോമിയോ-ആയുർവേദ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രതിരോധ മരുന്നുകളുടെ വിതരണം കാര്യക്ഷമമാക്കും. സാമൂഹിക നിയന്ത്രണം ഉറപ്പാക്കാൻ സെക്ടറൽ മജിസ്‌ട്രേട്ടുമാരെ നിയമിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.