
പത്തനംതിട്ട : ട്രഷറി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും പെരുനാട് സബ് ട്രഷറിയിലെ ജീവനക്കാരനുമായ ഷഹീറിന് മുൻകൂർ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപേക്ഷ നൽകി. മുൻകൂർ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കലിന് കാരണമാകുമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സാമ്പത്തിക തട്ടിപ്പിൽ പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന വിവരങ്ങളും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യംതേടി ഷഹീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെത്തി. രണ്ട് വർഷമായി നീണ്ടുനിന്ന തട്ടിപ്പിൽ ഏഴുതവണ ചെക്ക് ഉപയോഗിച്ച് പണം മാറിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ജില്ലാ ട്രഷറിയിൽ മൂന്ന് തവണയും എരുമേലി സബ് ട്രഷറിയിൽ രണ്ട് തവണയും മല്ലപ്പള്ളി, പെരുനാട് സബ്ട്രഷറികളിൽ ഓരോ തവണയുമാണ് ചെക്ക് മാറിയിരിക്കുന്നത്. ഇതിൽ പെരുനാട്ടിലെ ചെക്ക് മാത്രമാണ് ഇയാൾ നേരിട്ട് മാറിയിരിക്കുന്നത്. ബാക്കിയുള്ള ആറ് തവണയും ചെക്ക് ഇയാൾ തന്നെ മാറിയതാണോയെന്ന് വ്യക്തമല്ല. ഇതിനായി അതാത് സബ് ട്രഷറികളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ഷഹിറിനൊപ്പം സസ്പെൻഷനിലുള്ള മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരികയാണ്.
ജില്ലാ ട്രഷറിയിൽ നിന്ന് പരാതി നൽകി
തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാട്രഷറി ഓഫീസർ പത്തനംതിട്ട പൊലീസിന് പരാതി നൽകി. കഴിഞ്ഞ ദിവസം ചുമതലയേറ്റ ട്രഷറി ഓഫീസറാണ് പരാതി നൽകിയത്. സസ്പെൻഷനിലായ മറ്റുജീവനക്കാരെ അടുത്ത ദിവസം പത്തനംതിട്ട പൊലീസ് ചോദ്യം ചെയ്യും. തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുപേരെ സസ്പെൻഡ് ചെയ്ത ദിവസം മുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ട്രഷറി വകുപ്പ് അധികൃതർ തയ്യാറായിരുന്നില്ല. ആരുമറിയാതെ ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നതായി പ്രതിപക്ഷ സംഘടനകൾ ആരോപിച്ചിരുന്നു. മരിച്ച പെൻഷണറുടെ മകളെ നോമിനിയാക്കി വച്ച പണമാണ് അപഹരിക്കപ്പെട്ടത്. ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടപ്പോളാണ് ഇവരുടെ മകൻ ഇൗ സംഭവം അറിയുന്നത്. മരണമടഞ്ഞ ഒാമല്ലൂർ സ്വദേശിനിയായ പെൻഷണറുടെ സ്ഥിരനിക്ഷേപത്തിലെയും സേവിംഗ് സ് അക്കൗണ്ടിലെയും 8.13 ലക്ഷം രൂപ വ്യാജ അക്കൗണ്ടുണ്ടാക്കിയാണ് ഷഹീർ തട്ടിയെടുത്തത്. മറ്റുജീവനക്കാരുടെ ട്രഷറി കോഡും പാസ് വേർഡും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
പ്രതിയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച്